മത്സരിച്ച 169 സീറ്റിൽ 115 ഇടത്തും ജയം; തമിഴ് രാഷ്ട്രീയത്തില്‍ വിജയ്‌യുടെ മാസ് എൻട്രി ഇങ്ങനെ
പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ പോലും വിജയ് പൊതുവേദിയിൽ എത്തിയില്ല എന്നത് ശ്രദ്ധിക്കപ്പെട്ടു.
ചെന്നൈ: തമിഴ്‌നാട്ടിലെ ഒമ്പത് ജില്ലകളിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ ഡിഎംകെ തൂത്തുവാരിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ഇളയദളപതി വിജയ്‌യുടെ നിശ്ശബ്ദ രാഷ്ട്രീയപ്രവേശം. താരത്തിന്റെ പിന്തുണയോടെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ആരാധക കൂട്ടായ്മ ആൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം 115 സീറ്റാണ് സ്വന്തമാക്കിയത്. ആകെ 169 സീറ്റിലാണ് സംഘടന മത്സരിച്ചത്. 68 ശതമാനമാണ് സ്‌ട്രൈക്ക് റേറ്റ്.
പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ പോലും വിജയ് പൊതുവേദിയിൽ എത്തിയില്ല എന്നത് ശ്രദ്ധിക്കപ്പെട്ടു. ഇതാദ്യമായാണ് വിജയ് തന്റെ ആരാധക സംഘടനയ്ക്ക് രാഷ്ട്രീയത്തിൽ മത്സരിക്കാൻ അനുമതി നൽകുന്നത്. ജയിച്ച 115 സീറ്റിൽ 13 ഇടത്ത് സ്ഥാനാർത്ഥികൾ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് പറഞ്ഞു. വിജയിച്ച 45 പേർ വനിതകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുച്ചേരിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് ആനന്ദ്.
നേരത്തെ, വിജയ് മക്കൾ ഇയക്കം രാഷ്ട്രീയപാർട്ടി പിരിച്ചുവിട്ടതായി വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് എന്ന പേരിൽ ഫാൻസ് അസോസിയേഷനെ രാഷ്ട്രീയപാർട്ടിയാക്കാൻ പിതാവ് നീക്കം നടത്തിയത്.
എന്നാൽ ഇതിനെ എതിർത്ത് വിജയ് രംഗത്തുവരികയും തന്റെ പേരിൽ രാഷ്ട്രീയ സംഘടനയുണ്ടാക്കുന്നതിന് എതിരെ കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ആരാധക സംഘടനയിൽ അംഗങ്ങളായവർക്ക് മത്സരിക്കാനും തന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കാനും വിജയ് അനുവാദം നൽകിയിരുന്നു. താരത്തിന്റെ ചിത്രം ഉപയോഗിച്ചാണ് സ്ഥാനാർത്ഥികൾ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുപിടിച്ചിരുന്നത്.
രാഷ്ട്രീയത്തിൽ താരത്തിന്റെ ജനപ്രീതി അളക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരാധക കൂട്ടായ്മ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പോടിയായി വിജയ് രാഷ്ട്രീയ പ്രവേശം നടത്തുമെന്നും സൂചനയുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സമാന മുന്നേറ്റമാണ് ഡിഎംകെ തദ്ദേശ തെരഞ്ഞെടുപ്പിലും നടത്തിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന 27 വാർഡുകളിലും ഭരണമുന്നണി ജയിച്ചു. 140 ജില്ലാ പഞ്ചായത്തു സീറ്റുകളിൽ 88ലും ഡിഎംകെ ജയിച്ചു. നാല് സീറ്റുകളിൽ കോൺഗ്രസ് ജയിച്ചു. എഐഎഡിഎംകെ നാല് സീറ്റിൽ ഒതുങ്ങി. 1381 പഞ്ചായത്ത് വാർഡുകളിൽ 300എണ്ണത്തിൽ ഡിഎംകെ ജയിച്ചു. 11വാർഡുകളിൽ കോൺഗ്രസ് ജയിച്ചു. എഐഎഡിഎംകെ 50സീറ്റുകളിൽ ജയിച്ചു. എഐഎഡിഎംകെയ്ക്കൊപ്പം 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച പിഎംകെ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്.ഇവർ 13സീറ്റ് നേടി. ആകെ 27,003 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.