സൈനിക മോഹവുമായി യുവാവിന്‍റെ ഓട്ടം; പ്രശംസയും സഹായവുമായി പ്രമുഖർ, വൈറലായി വീഡിയോ

ദശലക്ഷക്കണക്കിനാളുകളാണ് സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രി പങ്കുവെച്ച വീഡിയോ കണ്ടത്

Update: 2022-03-21 14:55 GMT
Advertising

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യല്‍ മീഡിയ കീഴടക്കുകയാണ് പ്രദീപ് മെഹ്റയെന്ന ഉത്തരാഖണ്ഡ് സ്വദേശി. ദിവസവും ജോലി കഴിഞ്ഞാല്‍, അര്‍ധരാത്രിയില്‍ വീട്ടിലേക്ക് പത്ത് കിലോമീറ്ററോളം ഓടും ഈ പത്തൊമ്പതുകാരന്‍. ഇതിനു പിറകിലെ കാരണമാണ് ഇന്‍റര്‍നെറ്റ് ലോകത്തെ ഞെട്ടിച്ചത്. പ്രദീപിന് സൈനികനാകണം. പകല്‍സമയത്ത് കൃത്യമായ പരിശീലനം നടക്കാത്തതിനാലാണ് പ്രദീപ് രാത്രിയിലെ ഓട്ടം പതിവാക്കിയത്.

സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രി പങ്കുവെച്ച വീഡ‍ിയോയിലൂടെയാണ് പ്രദീപിനെ ലോകമറിയുന്നത്. ദശലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്. ഇപ്പോഴിതാ പ്രദീപിന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കാന്‍ സഹായ വാഗ്ദാനങ്ങളും പ്രചോദനവുമായി രാജ്യത്തെ പ്രമുഖരടക്കം നിരവധിപേര്‍ രംഗത്തെത്തിക്കഴിഞ്ഞു. 

നോയിഡയില്‍ മക്ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റിലെ ജീവനക്കാരനാണ് പ്രദീപ്. വിനോദ് കാപ്രി നോയിഡ റോഡിലൂടെ കാറോടിച്ചു പോകുമ്പോഴാണ് ഓടിപ്പോകുന്ന പ്രദീപിനെ കാണുന്നത്. കാറില്‍ വീട്ടിലെത്തിക്കാമെന്ന് കാപ്രി പറഞ്ഞെങ്കിലും പ്രദീപ് അത് സ്നേഹത്തോടെ നിരസിച്ചു. പിന്നീട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പ്രദീപിന്‍റെ ഓട്ടത്തിന് പിന്നിലെ വലിയ ലക്ഷ്യത്തെക്കുറിച്ച് കാപ്രി അറിയുന്നത്. 

ഇളയ സഹോദരനോടും അമ്മയോടും ഒപ്പമാണ് പ്രദീപിന്‍റെ താമസം. അമ്മ രോഗബാധിതയായി ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ എട്ടുമണിക്ക് ഉണര്‍ന്നാല്‍ പിന്നെ ഒന്നിനും സമയമില്ലെന്നും അതുകൊണ്ടാണ് നോയിഡ സെക്ടര്‍ 16ല്‍ നിന്നും ബറോളയിലേക്ക് ഓടുന്നതെന്നുമാണ് പ്രദീപിന്‍റെ വിശദീകരണം.

വിക്കി കൗശല്‍, മാധവന്‍, രാകുല്‍ പ്രീത് സിംഗ്, ബാദ്ഷാ, മനോജ് ബാജ്പേയ്, കാജല്‍ അഗര്‍വാള്‍, ഹര്‍ഭജന്‍ സിംഗ്, കെവിന്‍ പീറ്റേഴ്സണ്‍, ആനന്ദ് മഹീന്ദ്ര, തുടങ്ങി വിവിധ മേഖലകളില്‍ നിന്നാണ് പ്രദീപിന് പ്രശംസകളെത്തുന്നത്. അതിനിടെ ആര്‍മി റിക്രൂട്ട്മെന്‍റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രദീപിനെ സഹായിക്കാമെന്ന വാഗ്ദാനവുമായി ലഫ്റ്റനന്‍റ് ജനറല്‍ സതീഷ് ദുവയും രംഗത്തെത്തി. അതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ചുവെന്നായിരുന്നു ആ റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥന്‍റെ ട്വീറ്റ്.

ഇതാണ് എന്‍റെ ഇന്ത്യ എന്നായിരുന്നു വീഡിയോ പങ്കുവെച്ച് നടന്‍ മാധവന്‍ ട്വീറ്റ് ചെയ്തത്. ചാമ്പ്യന്‍മാരുണ്ടാകുന്നത് ഇങ്ങനെയാണെന്നായിരുന്നു ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്‍റെ പരാമര്‍ശം. മുന്‍ ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്സണും വീഡിയോ പങ്കുവെച്ചിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News