മൈക്രോസോഫ്റ്റിൽ 47 ലക്ഷം രൂപയുടെ ജോലി; ഇരുട്ടിനോട് പടവെട്ടി 25 കാരന്‍ സ്വന്തമാക്കിയത് സ്വപ്നനേട്ടം

ഓൺലൈൻ പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാണ് സോഫ്റ്റ്‍ വെയര്‍ എഞ്ചിനീയർ തസ്തികയിലേക്ക് യാഷിനെ തെരഞ്ഞെടുക്കുന്നത്

Update: 2022-08-31 06:13 GMT
Editor : Lissy P | By : Web Desk
Advertising

ഇൻഡോർ: സോഫ്റ്റ്‍ വെയര്‍  എഞ്ചിനീയറാകുക എന്നതായിരുന്നു യാഷ് സോനാകിയ എന്ന 25 കാരൻ വർഷങ്ങളായി ഊണിലും ഉറക്കത്തിലും കണ്ട സ്വപ്നം. മറ്റുള്ളവരെ പോലയല്ലായിരുന്നു അവന്റെ മുന്നിൽ കടമ്പകൾ ഏറെയായായിരുന്നു.

എട്ട് വയസ്സുള്ളപ്പോഴാണ് യാഷിന് ഗ്ലോക്കോമ ബാധിച്ച് കാഴ്ച നഷ്ടപ്പെടുന്നത്. എന്നാലും പഠനത്തിൽ ഒട്ടും മോശമായില്ല. ഒടുവിൽ ആ സ്വപ്‌നം അവൻ സാക്ഷാത്കരിച്ചിരിക്കുകയാണ്. യാഷിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് ജോലി നൽകിയതാകട്ടെ ഐ.ടി ഭീമനായ മൈക്രോസോഫ്റ്റും. 47 ലക്ഷം രൂപ വാർഷിക ശമ്പളത്തിലാണ് യാഷിനെ കമ്പനി ജോലിക്ക് തെരഞ്ഞെടുത്തത്. ഇൻഡോർ ആസ്ഥാനമായുള്ള ശ്രീ ഗോവിന്ദ്രം സെക്സാരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ നിന്ന് 2021ലാണ് യാഷ് സോണകിയ ബി ടെക് ബിരുദം നേടിയത്.

തുടക്കത്തിൽ തന്നെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും താൻ ഓഫർ സ്വീകരിച്ചതായും ഉടൻ തന്നെ കമ്പനിയുടെ ബംഗളൂരു ഓഫീസിൽ സോഫ്റ്റ്‍ വെയര്‍ എഞ്ചിനീയറായി ചേരുമെന്നും യാഷ് പിടിഐയോട് പറഞ്ഞു.

അഞ്ചാം ക്ലാസ് വരെ പ്രത്യേക പരിഗണന നൽകുന്ന സ്‌കൂളിൽ പഠിച്ചത്. പിന്നീട് സാധാരണ സ്‌കൂളിൽ ചേർക്കുകയും ചെയ്തു. സ്‌ക്രീൻ-റീഡർ സോഫ്റ്റ്‍ വെയറിന്റെ സഹായത്തോടെ പഠനം പൂർത്തിയാക്കിയ ശേഷമാണ് യാഷ് ജോലി അന്വേഷിക്കാൻ തുടങ്ങിയത്. കോഡ് പഠിച്ചതിന് ശേഷം മൈക്രോസോഫ്റ്റിലും അപേക്ഷിച്ചു. ഓൺലൈൻ പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാണ് സോഫ്റ്റ്‍ വെയര്‍ എഞ്ചിനീയർ തസ്തികയിലേക്ക് യാഷിനെ തെരഞ്ഞെടുക്കുന്നത്.

മൂത്തമകനെ കുറിച്ച് ഏറെ സ്വപ്‌നങ്ങളുണ്ടായിരുന്നെന്ന് യഷിന്റെ പിതാവ് യശ്പാൽ പറയുന്നു. പ്രൊഫഷണൽ സോഫ്റ്റ്‍ വെയര്‍ എഞ്ചിനീയറാകാനുള്ള അവന്റെ സ്വപ്നം ഒരുപാട് പോരാട്ടങ്ങൾക്ക് ശേഷം ഒടുവിൽ സാക്ഷാത്കരിച്ചിരിക്കുകയാണ്...നഗരത്തിൽ കാന്റീന് നടത്തുന്ന പിതാവിന്റെ വാക്കുകളിലും നിറഞ്ഞുനിൽക്കുന്നത് അഭിമാനവും സന്തോഷവുമായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News