അഹങ്കാരത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രതീകമായ മോദി സർക്കാരിനെതിരെ വോട്ട് ചെയ്യൂ: രാഹുല്‍ ഗാന്ധി
'ഇൻഡ്യ'യെ ശക്തിപ്പെടുത്തുന്നതിൽ എല്ലാവരും പങ്കാളികളാകണമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു
ഡൽഹി: അഹങ്കാരത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രതീകമായി മാറിയ മോദി സർക്കാരിനെതിരെ വോട്ട് ചെയ്യാനും അവർക്ക് വൻ തിരിച്ചടി നൽകാനും ജനങ്ങളോട് അഭ്യർത്ഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്ന ജൂൺ നാലിന് പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യ സഖ്യം അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. അന്ന് രാജ്യത്ത് പുതിയ പ്രഭാതമായിരിക്കുമെന്നും രാഹുൽ കൂട്ടിചേർത്തു.
'ഈ പൊള്ളുന്ന ചൂടിലും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ എല്ലാവരും വോട്ട് ചെയ്യുന്നതിൽ എനിക്ക് അഭിമാനമുണ്ട്.അഹങ്കാരത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രതീകമായി മാറിയ ഈ സർക്കാരിനെതിരെ നിങ്ങൾ വോട്ട് ചെയ്യുക. അത് അവർക്കുള്ള അവസാനത്തെ പ്രഹരമാവണം'' എക്‌സ് പോസ്റ്റിലൂടെ രാഹുൽ പറഞ്ഞു.
ഇൻഡ്യ മുന്നണി അധികാരത്തിൽ വരുന്നതിന്റെ എല്ലാ സൂചനയും നിലവിലുണ്ടെന്നും ഇൻഡ്യയെ ശക്തിപ്പെടുത്തുന്നതിൽ എല്ലാവരും പങ്കാളികളാകണമെന്നും പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി. നിങ്ങളുടെ അനുഭവത്തിന്റെയും നിങ്ങൾ നേരിട്ട പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തൽ വോട്ട് ചെയ്യണമെന്നും നിങ്ങൾക്കു മാത്രമായി പ്രവർത്തിക്കുന്ന സർക്കാർ അധികാരത്തിൽ വരുന്നതിനു വേണ്ടിയാവണം നിങ്ങളുടെ വോട്ട് എന്നും പ്രിയങ്ക കൂട്ടിചേർത്തു.
പഞ്ചാബിലെ 13, ഹിമാചൽ പ്രദേശിലെ നാല്, ഉത്തർപ്രദേശിലെ 13, പശ്ചിമ ബംഗാളിലെ ഒമ്പത്, ബീഹാറിലെ എട്ട്, ഒഡീഷയിലെ ആറ്, ജാർഖണ്ഡിലെ മൂന്ന്, ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.