സ്വാതന്ത്ര്യ ദിനം; ചെങ്കോട്ടയ്ക്ക് മുന്നില്‍ 'കണ്ടെയ്നര്‍ കോട്ട' തീര്‍ത്ത് ഡല്‍ഹി പൊലീസ്
ചരക്കുകൾ കൊണ്ടുപോകുന്ന കണ്ടെയ്‌നറുകൾ ഒന്നിനു മുകളിൽ ഒന്നായി ഉയരത്തിൽ അടുക്കി വലിയ മതിൽ പോലെയാണ് വിന്യസിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ കൂടുതല്‍ സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തി. ചെങ്കോട്ടക്ക് മുന്നിൽ, ചരക്കുകൾ കൊണ്ടുപോകുന്ന കണ്ടെയ്‌നറുകൾ ഒന്നിനു മുകളിൽ ഒന്നായി ഉയരത്തിൽ അടുക്കി വലിയ മതിൽ പോലെ വിന്യസിച്ചിരിക്കുകയാണ് ഡല്‍ഹി പൊലീസ്.
ചെങ്കോട്ടയിൽ വെച്ചാണ് എല്ലാ വർഷവും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കർഷകർ ഡൽഹിയിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. ചെങ്കോട്ടയിലേക്ക് കർഷകർ നടത്തിയ ട്രാക്ടർ റാലി പൊലീസുമായുള്ള ഏറ്റുമുട്ടലിലേക്കും വലിയ സംഘർഷത്തിലേക്കുമാണ് പോയത്. ഇതേതുടർന്നാണ് ഇത്തവണ കൂടുതൽ സുരക്ഷയൊരുക്കുന്നതെന്നാണ് പൊലീസ് വാദം.
സമീപകാലത്ത് ജമ്മു കശ്മീരിൽ ഉണ്ടായ ഡ്രോൺ ആക്രമണങ്ങളും സുരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഡൽഹി വിമാനത്താവളത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണിയും പൊലീസിന് ലഭിച്ചിരുന്നു. അല്‍ഖാഇദയുടെ പേരില്‍ ഇ മെയില്‍ സന്ദേശം ലഭിച്ചതായാണ് പൊലീസ് അറിയിച്ചത്. ഇതിനു പിന്നാലെ വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.