'എം.ഡി പരീക്ഷയിൽ ഗോൾഡ് മെഡൽ വാങ്ങണം'; കൊല്ലപ്പെട്ട വനിതാഡോക്ടറുടെ അവസാന ഡയറിക്കുറിപ്പ്
ഡോക്ടറാകുക എന്ന ലക്ഷ്യത്തിലെത്താൻ മകള്‍ക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിരുന്നുവെന്നും പിതാവ്
കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ഡയറിക്കുറിപ്പ് പങ്കുവെച്ച് പിതാവ്. ഒരുപാട് സ്വപ്‌നങ്ങളുള്ള ആളായിരുന്നു തന്റെ മകളെന്നും എം.ഡി പരീക്ഷയിൽ ഒന്നാമതെത്തണമെന്നും സ്വർണമെഡൽ വാങ്ങണമെന്നുമടക്കം അവൾ അതിയായി ആഗ്രഹിച്ചിരുന്നതായും പിതാവ് പറയുന്നു. ഇക്കാര്യം തന്റെ സ്വകാര്യ ഡയറിക്കുറിപ്പിലും അവൾ പങ്കുവെച്ചിരുന്നതായും പിതാവ് വെളിപ്പെടുത്തി.
'ഒരു ദിവസം 10-12 മണിക്കൂർ അവൾ പഠിക്കുമായിരുന്നു.എന്നാൽ ഇന്നതല്ലാം തകർന്നു. ദിവസം മുഴുവൻ പുസ്തകങ്ങളിൽ മുഴുകിയിരുന്നു.. ഡോക്ടറാകുക എന്ന ലക്ഷ്യത്തിലെത്താൻ അവൾക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിരുന്നു.അതിനായി അവൾ കഠിനാധ്വാനം ചെയ്തു..അവളെ വളർത്താൻ ഞങ്ങളും ഒരുപാട് ത്യാഗങ്ങൾ സഹിച്ചു'.. ഡോക്ടറുടെ പിതാവ് ഇന്ത്യ ടുഡേയോട് പറഞ്ഞു.
തന്റെ മകൾക്ക് ഇപ്പോൾ രാജ്യത്തുടനീളം കിട്ടുന്ന പിന്തുണയിൽ താൻ ആശ്ചര്യപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. 'എനിക്ക് എന്റെ മകളെ തിരികെ ലഭിക്കില്ല, പക്ഷേ ധൈര്യവും പ്രതീക്ഷയും പുലർത്തുക മാത്രമാണ് എനിക്കിനി ചെയ്യാനുള്ളത്. രാജ്യമെമ്പാടുമുള്ള പിന്തുണ നീതിക്കുവേണ്ടി പോരാടാൻ ഞങ്ങൾക്ക് ധൈര്യം നൽകുന്നു,' അദ്ദേഹം പറഞ്ഞു.
കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറിയതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'അതിൽ പ്രത്യേക സംതൃപ്തിയൊന്നുമില്ല, കാരണം ഒന്നും തന്നെ ഞങ്ങളുടെ മകളെ തിരികെ കൊണ്ടുവരില്ല.നീതിയിൽ മാത്രമാണ് ഇപ്പോൾ പ്രതീക്ഷയുള്ളത്.തന്റെ മകളെ ഇത്രയും ക്രൂരമായി കൊലപ്പെടുത്തിയതിന് തക്കതായ ശിക്ഷ കുറ്റവാളികൾക്ക് ലഭിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു.
'അവർ എത്രയും വേഗം ശിക്ഷിക്കപ്പെടുന്നുവോ അത്രയും നല്ലത്. ഞങ്ങൾക്ക് കുറച്ച് ആശ്വാസം ലഭിക്കും, ഞങ്ങളുടെ നഷ്ടം മറ്റൊന്നിനും പകരം വയ്ക്കാൻ കഴിയില്ല,' അദ്ദേഹം ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. കോളേജ് മാനേജ്മെന്റ് തന്റെ മകളെ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും ഒരു പാർട്ടിയിൽ നിന്നും രാഷ്ട്രീയ സമ്മർദം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ പി.ജി ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഇന്ത്യയിലുടനീളം വൻ പ്രതിഷേധമാണ് ഉയർന്നത്. അതിനിടെ കഴിഞ്ഞദിവസം ജനക്കൂട്ടം ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രി അടിച്ചു തകർത്തിരുന്നു.