പ്ലാവ് കുലുക്കി, വീണില്ല..കാല് പൊക്കി തുമ്പിക്കൈകൊണ്ട് വലിച്ചിട്ടു; ചക്കയ്ക്ക് വേണ്ടി ആനയുടെ സാഹസം- വീഡിയോ
കാണികൾ ആനക്ക് ആവേശം പകർന്ന് ആർപ്പുവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം
ആനകളുടെയും ആനക്കുട്ടികളുടെയും കുസൃതിത്തരങ്ങളടങ്ങിയ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ എന്നും പ്രിയമുള്ളവയാണ്. അങ്ങനെ നിമിഷനേരം കൊണ്ട് വൈറലായ നിരവധി വീഡിയോകളുമുണ്ട്. ആ ലിസ്റ്റില്‍ ഒരെണ്ണം കൂടി ചേര്‍ക്കുകയാണ് ഐ.എ.എസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു. ചക്കയ്ക്ക് വേണ്ടി ഒരാന കാണിക്കുന്ന സാഹസമാണ് സുപ്രിയ ട്വീറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
മുപ്പത് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആന പ്ലാവ് കുലുക്കുന്നതും ശ്രമം വിഫലമായപ്പോള്‍ കാലുയര്‍ത്തി തുമ്പിക്കൈ നീട്ടി ചക്കകള്‍ വലിച്ച് താഴെയിടുന്നതും കാണാം. കാണികള്‍ ആനയ്ക്ക് ആവേശം പകര്‍ന്ന് ആര്‍പ്പുവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
"മനുഷ്യന്‍മാര്‍ക്ക് മാമ്പഴം എന്നപോലെയാണ് ആനകള്‍ക്ക് ചക്ക. ചക്ക വീഴ്ത്താനുള്ള ആനയുടെ വിജയകരമായ ശ്രമത്തിന് കയ്യടിച്ച് ആവേശം പകര്‍ന്ന മനുഷ്യരുടെ പ്രവൃത്തി ഹൃദ്യമാണ്" എന്ന അടിക്കുറിപ്പോടുകൂടിയാണ് സുപ്രിയ വീഡിയോ പങ്കുവെച്ചത്. ഇതിനോടകം തന്നെ പതിനായിരങ്ങള്‍ കണ്ട വീഡിയോക്ക് തുരുതുരെ ലൈക്കുമെത്തുന്നുണ്ട്. ആനയുടെ സാഹസികതയില്‍ അത്ഭുതപ്പെട്ടും അഭിനന്ദിച്ചും രസകരമായ കമന്‍റുകളും വരുന്നുണ്ട്.