ഞങ്ങള്‍ പാലങ്ങള്‍ പണിയുന്നു, ബി.ജെ.പി അതു തകര്‍ക്കുന്നു;തേജ് പ്രതാപ് യാദവ്
ബി.ജെ.പിയുടെ അമിത് മാളവ്യയുടെ ചോദ്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ അഭിപ്രായം തേടിയതിന് പിന്നാലെയാണ് തേജിന്‍റെ പ്രതികരണം
പറ്റ്ന: ഭഗൽപൂരിൽ നിർമാണത്തിലിരുന്ന പാലം തകർന്നതിന് കാരണം ബി.ജെ.പിയാണെന്ന് ബിഹാര്‍ ക്യാബിനറ്റ് മന്ത്രി തേജ് പ്രതാപ് യാദവ്. തങ്ങള്‍ പാലങ്ങള്‍ നിര്‍മിക്കുമ്പോള്‍ ബി.ജെ.പി അവ തകര്‍ക്കുകയാണെന്ന് യാദവ് കുറ്റപ്പെടുത്തി.
പാലം തകര്‍ന്നതിനു പിന്നാലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും രാജിവയ്ക്കുമോയെന്ന ബി.ജെ.പിയുടെ അമിത് മാളവ്യയുടെ ചോദ്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ അഭിപ്രായം തേടിയതിന് പിന്നാലെയാണ് തേജിന്‍റെ പ്രതികരണം.പാലം തകർന്ന സംഭവത്തിൽ ബിഹാർ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു.'' 2020ൽ പൂർത്തിയാകേണ്ട ഈ പാലം 2015ൽ നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.രണ്ടാം തവണയാണ് ഈ പാലം തകരുന്നത്. ഈ സംഭവം അറിഞ്ഞ് നിതീഷ് കുമാറും തേജസ്വി യാദവും ഉടൻ രാജിവയ്ക്കുമോ?ഇതുവഴി അമ്മാവനും മരുമകനും നാടിനു മുന്നിൽ മാതൃകയാകാം.'' എന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്.
ഭഗൽപൂരിൽ ഗംഗാ നദിക്കു കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നത് വലിയ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.ഖഗാരിയ ജില്ലയിലെ അഗ്വാനിയെ ഭഗൽപൂരിലെ സുൽത്താൻഗഞ്ചുമായി ബന്ധിപ്പിക്കുന്ന 3.1 കിലോമീറ്റർ നീളമുള്ള പാലത്തിന്റെ നിർമ്മാണം 2014-ലാണ് ആരംഭിച്ചത്. 2019-ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിർമാണം നീണ്ടുപോവുകയായിരുന്നു. ഇതിനിടെ നാലുതവണ സമയപരിധി നീട്ടിനൽകുകയും ചെയ്തിരുന്നു. ബോധപൂര്‍വം പാലം പൊളിച്ചതാണെന്നായിരുന്നു ബിഹാര്‍ സര്‍ക്കാരിന്‍റെ ആരോപണം.