'ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും'; ഡി.കെ ശിവകുമാറുമായി ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ തള്ളി സിദ്ധരാമയ്യ

മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കത്തിലാണ് കോണ്‍ഗ്രസ്‌

Update: 2021-07-20 08:26 GMT
Advertising

കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറുമായി ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ. 'ഞങ്ങള്‍ ഒന്നാണ്, ഞങ്ങള്‍ ഒരുമിച്ച് പാര്‍ട്ടി കെട്ടിപ്പടുക്കുകയാണ്. കര്‍ണാടക കോണ്‍ഗ്രസില്‍ യാതൊരു ഭിന്നതയുമില്ല. പാര്‍ട്ടിയെ തിരിച്ച് അധികാരത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഞങ്ങള്‍'-സിദ്ധരാമയ്യ പറഞ്ഞു.

ഹൈക്കമാന്‍ഡ് നേതാക്കളുമായുള്ള ചര്‍ച്ചക്കായി സിദ്ധരാമയ്യ ഇന്ന് ഡല്‍ഹിയിലെത്തും. നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കുന്നതിനായി സോണിയാ ഗാന്ധിയുമായി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ചര്‍ച്ച നടത്തും. 2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ ചുമതലകള്‍ വഹിക്കേണ്ടവരെ തീരുമാനിക്കുന്നതിനാണ് ചര്‍ച്ച.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്നത് സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പ് നേരിടണമെന്ന് ഒരുവിഭാഗം എം.എല്‍.എമാര്‍ ആവശ്യപ്പെട്ടിരുന്നു.  മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ശക്തമാണ്. ഈ സാഹചര്യത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News