Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡല്‍ഹി: സംഭാല്‍ സംഭവത്തെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളെയും താരതമ്യം ചെയ്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡിഎന്‍എ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ബംഗ്ലാദേശി ഹിന്ദുക്കളോട് മോശമായി പെരുമാറുന്നതില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് എന്താണ് ബന്ധമെന്ന് ഉവൈസി ചോദിച്ചു.
യോഗിയുടെ പ്രസ്താവന യഥാര്‍ത്ഥത്തില്‍ അപകടകരവും പ്രതിഷേധാര്‍ഹവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജ്യം വിട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്ത മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയെ കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് തിരിച്ചയച്ചില്ല എന്നും ഉവൈസി എക്‌സില്‍ ചൂണ്ടിക്കാട്ടി.
'ക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് നിര്‍മിച്ചത് എന്നതിന് തെളിവില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1877-79ല്‍ സംഭല്‍ ജുമാ മസ്ജിദിന്റെ കേസും പരിഹരിച്ചിരുന്നു. സംഭലിലെ ജുമ മസ്ജിദ് ഒരു പള്ളിയാണെന്നും അവിടെ ക്ഷേത്രമില്ലെന്നും അവിടെ ഹിന്ദു ആരാധന നടക്കുന്നില്ലെന്നും കോടതികള്‍ വ്യക്തമാക്കിയിരുന്നു. യോഗിയുടെ കടയില്‍ സത്യത്തിന് യാതൊരു വിലയുമില്ല' എന്ന് ഉവൈസി പറഞ്ഞു.
'കഴിഞ്ഞ ദിവസം അയോധ്യയിലെ രാംകഥാ പാര്‍ക്കില്‍ രാമായണമേളയുടെ ഉദ്ഘാടന ചടങ്ങിലാണ് ബംഗ്ലാദേശിനെയും ബാബരി മസ്ജിദിനെയും സംഭാലിനെയും ചേര്‍ത്ത് യോഗി സംസാരിച്ചത്. മൂന്ന് പേരുടെയും സ്വഭാവവും അവരുടെ ഡിഎന്‍എയും ഒന്നുതന്നെയാണ്. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് അയോധ്യാ കുംഭത്തില്‍ ബാബറിന്റെ ആളുകള്‍ ചെയ്തത് ഓര്‍ക്കുക. ഇതുതന്നെയാണ് സംഭലിലും ബംഗ്ലാദേശിലും സംഭവിക്കുന്നത്' എന്ന് യോഗി പറഞ്ഞു.
മുഗള്‍ ഭരണ കാലത്ത് നിര്‍മിച്ച മസ്ജിദില്‍ സര്‍വേ നടത്താന്‍ കോടതി അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്ന ഹരജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. രണ്ടാംഘട്ട സര്‍വേക്കിടെയുണ്ടായ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടാവുകയും തുടര്‍ന്ന് പൊലീസ് വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.