വഖഫ് കൗൺസിൽ അംഗത്വം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എന്താണ് മുസ്‌ലിം രാഷ്ട്രീയ മഞ്ച്?
ആർ.എസ്.എസ് മേധാവിയായിരുന്ന കെ.എസ് സുദർശന്റെ ആശീർവാദത്തോടെ 2002 ഡിസംബർ 24-നാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ച് രൂപീകരിച്ചത്.
കേന്ദ്ര വഖഫ് കൗൺസിൽ അംഗത്വം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നേതാക്കൾക്കെതിരെ കേസെടുത്തതോടെ മുസ്‌ലിം രാഷ്ട്രീയ മഞ്ച് വീണ്ടും വാർത്തകളിൽ നിറയുകയാണ്. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമടക്കം അഞ്ചുപേർക്കെതിരെയാണ് തിരൂർ സ്വദേശിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. 16 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് പരാതി.
മുസ്‌ലിം സമുദായവുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആർ.എസ്.എസ് മേധാവിയായിരുന്ന കെ.എസ് സുദർശന്റെ ആശീർവാദത്തോടെ 2002 ഡിസംബർ 24-നാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ച് രൂപീകരിച്ചത്. മുസ്‌ലിം സമുദായത്തിന്റെ ആശങ്കകൾ ഇല്ലാതാക്കി അവരെ ആർ.എസ്.എസുമായും ഹിന്ദുത്വ സംഘടനകളുമായും അടുപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.
2002 ഡിസംബർ 24ന് ചേർന്ന യോഗത്തിൽ സുദർശന് പുറമെ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പത്മശ്രീ മുസഫർ ഹുസൈൻ, അദ്ദേഹത്തിന്റെ ഭാര്യയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ നഫീസ, ആർ.എസ്.എസ് സൈദ്ധാന്തികൻ എം.ജി വൈദ്യ, മുതിർന്ന ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ, മദൻ ദാസ്, ഓൾ ഇന്ത്യാ ഇമാം കൗൺസിൽ അധ്യക്ഷൻ മൗലാനാ ജമീൽ ഇല്യാസി, മൗലാനാ വാഹിദുദ്ദീൻ ഖാൻ, ഫത്തേപൂർ മസ്ജിദ് ഷാഹി ഇമാം മൗലാനാ മുഖറം തുടങ്ങിയവർ പങ്കെടുത്തിരുന്നു.
ഇന്ത്യയിൽ ജനിച്ചുവളർന്ന ഭാരതീയ പാരമ്പര്യം ഉൾക്കൊള്ളുന്ന മുസ്‌ലിംകൾ ന്യൂനപക്ഷ പദവിയിൽ നിൽക്കേണ്ടവരല്ലെന്നാണ് കെ.എസ് സുദർശൻ യോഗത്തിൽ വിശദീകരിച്ചത്. ഇസ്‌ലാമിന്റെ തീവ്രവാദമുഖം മാത്രമാണ് പലപ്പോഴും ലോകം ചർച്ച ചെയ്യുന്നത്. എന്നാൽ അതിന് സമാധാനത്തിന്റെ ഒരു മുഖമുണ്ട്. അത് ലോകത്തിന് പരിചപ്പെടുത്തുന്നത് എങ്ങനെയെന്ന ചർച്ചയുടെ ഫലമായാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ രൂപീകരണത്തിലേക്ക് എത്തിയതെന്നാണ് ആർ.എസ്.എസ് നേതൃത്വം പറയുന്നത്. മുതിർന്ന ആർ.എസ്.എസ് നേതാവായ ഇന്ദ്രേഷ് കുമാർ ആണ് സംഘടനയുടെ മുഖ്യ രക്ഷാധികാരി. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ച് പ്രവർത്തിക്കുന്നത്.
സൂഫിസമാണ് ഇസ്‌ലാമിന്റെ യഥാർഥ മുഖമെന്നാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രചാരണം. മുസ്‌ലിം സമുദായത്തിന്റെ ദേശീയ ബോധമുള്ളവരാക്കി മാറ്റുകയാണ് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള മാർഗമെന്നാണ് സംഘടനയുടെ മുഖ്യ രക്ഷാധികാരിയായ ഇന്ദ്രേഷ് കുമാർ പറയുന്നത്. അതിനായുള്ള പ്രവർത്തനങ്ങളാണ് സംഘടന നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ വ്യക്തിയാണ് ഇന്ദ്രേഷ് കുമാർ. 2007ൽ മക്ക മസ്ജിദിൽ നടന്ന സ്‌ഫോടനത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ദ്രേഷ് കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. അജ്മീർ, മക്കാ മസ്ജിദ്, മലേഗാവ്, സംഝോത ഏക്‌സ്പ്രസ് എന്നിവിടങ്ങളിൽ നടന്ന സ്‌ഫോടനങ്ങളിലെ മുഖ്യപ്രതിയായ സ്വാമി അസിമാനന്ദയുമായി അടുത്ത ബന്ധമുള്ളയാളാണ് ഇന്ദ്രേഷ് കുമാർ. സ്‌ഫോടനം ആസൂത്രണം ചെയ്യാൻ ജയ്പൂരിൽ നടത്തിയ ഗൂഢാലോചനയിൽ അസിമാനന്ദ, പ്രഗ്യ സിങ് ഠാക്കൂർ, സുനിൽ ജോഷി തുടങ്ങിയവർക്കൊപ്പം ഇന്ദ്രേഷ് കുമാറും പങ്കെടുത്തിരുന്നുവെന്നും സി.ബി.ഐ ആരോപിച്ചിരുന്നു.