മാർച്ചിൽ രാജ്യത്ത് 18 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ പൂട്ടി
പുതിയ കേന്ദ്ര ഐ.ടി നിയമപ്രകാരം 50 ലക്ഷത്തിലേറെ ഉപയോക്താക്കളുള്ള എല്ലാ ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഓരോ മാസവും പരാതി പരിഹാരവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്
ന്യൂഡൽഹി: കഴിഞ്ഞ മാർച്ച് മാസത്തിൽ മാത്രം രാജ്യത്ത് 18 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ പൂട്ടിയതായി റിപ്പോർട്ട്. വാട്‌സ്ആപ്പ് തന്നെയാണ് ഇന്ന് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021ലെ പുതിയ ഐ.ടി നിയമപ്രകാരമാണ് നടപടിയെന്നാണ് കമ്പനി വൃത്തങ്ങൾ വിശദീകരിച്ചത്.
2021ലെ ഐ.ടി നിയമം അനുസരിച്ചാണ് വാട്‌സ്ആപ്പ് മാർച്ച് മാസത്തിലെ ഉപയോക്തൃ സുരക്ഷാ റിപ്പോർട്ട് പുറത്തുവിട്ടത്. ഉപയോക്താക്കളിൽനിന്ന് ലഭിച്ച പരാതിയുടെ വിശദാംശങ്ങൾ അടങ്ങുന്നതാണ് റിപ്പോർട്ട്. പരാതികൾക്കുമേൽ കമ്പനി സ്വീകരിച്ച നടപടികളും ഇതിൽ വിശദീകരിക്കുന്നുണ്ട്. പരാതിയിൽ ഉന്നയിക്കപ്പെട്ട ദുരുപയോഗം തടയാനുള്ള നടപടികളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നിർമിതബുദ്ധി(ആർടിഫിഷ്യൽ ഇന്റലിജൻസ്-എ.ഐ) ഉപയോഗിച്ചാണ് ഉപയോക്താക്കളുടെ പരാതികളിൽ വ്യാപകമായി നടപടി സ്വീകരിച്ചത്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ആർടിഫിഷ്യൽ ഇന്റലിജൻസിലും മറ്റ് സാങ്കേതികവിദ്യകളിലും ഡാറ്റാ സയൻസിലുമെല്ലാമായി വലിയ തോതിൽ പണമിറക്കിയിട്ടുണ്ടെന്ന് ഇന്നു പുറത്തുവിട്ട റിപ്പോർട്ടിൽ വാട്‌സ്ആപ്പ് പറയുന്നു.
പുതിയ കേന്ദ്ര ഐ.ടി നിയമപ്രകാരം 50 ലക്ഷത്തിലേറെ ഉപയോക്താക്കളുള്ള എല്ലാ ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഓരോ മാസവും പരാതി പരിഹാരവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഏതാനും മാസങ്ങളായി വാട്‌സ്ആപ്പും ഫേസ്ബുക്കുമെല്ലാം ഇത്തരത്തിൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ 14 ലക്ഷത്തിലേറെ വാട്‌സ്ആപ്പ് അക്കൗണ്ടുകളാണ് പൂട്ടിയത്.
Summary: WhatsApp banned over 18L accounts in India in March