നിയമസഭയിലെ ആദ്യ ഊഴത്തില്‍ തന്നെ മുഖ്യമന്ത്രി; ആരാണ് ഭൂപേന്ദ്ര പട്ടേല്‍
അമിത് ഷായുടെ ഉറ്റസുഹൃത്തും പാര്‍ട്ടിയിലെ കരുത്തനുമായ വിജയ് രൂപാണിയെ മാറ്റി ബിജെപിയുടെ മുഖ്യ സംസ്ഥാനങ്ങളിലൊന്നിന്‍റെ ഭരണനായകനാകാന്‍ മാത്രം എന്താണ് ഭൂപേന്ദ്ര പട്ടേലിന്‍റെ യോഗ്യത? അറിയാം...
55-ാം വയസില്‍ നിയമസഭയിലേക്ക് കന്നിപ്രവേശം. 59-ാം വയസില്‍ ആദ്യ ഊഴത്തില്‍ തന്നെ മുഖ്യമന്ത്രി പദവിയും. ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും മോശം പ്രതിച്ഛായ പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട ഭൂപേന്ദ്ര പട്ടേല്‍ ആരാണ്? അമിത് ഷായുടെ ഉറ്റസുഹൃത്തും പാര്‍ട്ടിയിലെ കരുത്തനുമായ വിജയ് രൂപാണിയെ മാറ്റി ബിജെപിയുടെ മുഖ്യ സംസ്ഥാനങ്ങളിലൊന്നിന്‍റെ ഭരണനായകനാകാന്‍ മാത്രം എന്താണ് ഇദ്ദേഹത്തിന് യോഗ്യത? പരിശോധിക്കാം...
ആനന്ദിബന്റെ പിന്തുടര്‍ച്ചക്കാരന്‍
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും നിലവില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണറുമായ ആനന്ദിബന്‍ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര പട്ടേല്‍. ഏറെക്കാലം ആനന്ദിബന്റെ തട്ടകമായിരുന്ന ഗഡ്‌ലോദിയ മണ്ഡലത്തിലായിരുന്നു 2017ല്‍ ഭൂപേന്ദ്രയുടെയും കന്നി മത്സരം.
ആനന്ദിബനിനെ വിശ്വസിച്ച ജനങ്ങള്‍ അവരുടെ പിന്തുടര്‍ച്ചക്കാരന്‍ ഭൂപേന്ദ്രയിലും വിശ്വാസമര്‍പ്പിക്കാന്‍ മറന്നില്ല. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് ഭൂപേന്ദ്ര കോണ്‍ഗ്രസിന്റെ ശശികാന്ത് പട്ടേലിനെ തോല്‍പിച്ച് നിയമസഭയിലേക്ക് കന്നിപ്രവേശം നേടിയത്. 2017ലെ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്.
ഇതിനുമുന്‍പ് അഹ്‌മദാബാദ് നഗരസഭാ അംഗമായതാണ് ഭരണരംഗത്ത് ഭൂപേന്ദ്രയുടെ ഏറ്റവും വലിയ പരിചയസമ്പത്ത്. അഹ്‌മദാബാദ് നഗര വികസന അതോറിറ്റിയുടെയും അഹ്‌മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെയും ചെയര്‍മാനുമായിരുന്നു. നിലവലില്‍ ബിജെപി ഗുജറാത്ത് ഘടകത്തിന്റെ ചുമതല വഹിക്കുന്ന ഭൂപേന്ദ്രയ്ക്ക് സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയുമുണ്ട്.
പട്ടേല്‍ സമുദായത്തിന്‍റെ വിശ്വാസം തിരിച്ചുപിടിക്കാന്‍
കഴിഞ്ഞ കുറച്ചുനാളായി ഗുജറാത്തിലെ പട്ടേല്‍ സമുദായത്തിനിടയില്‍ ബിജെപിയോട് കടുത്ത അസംതൃപ്തി നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടി സമുദായത്തെ അവഗണിക്കുകയും തങ്ങളുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും പുറംകാല്‍കൊണ്ട് തള്ളിക്കളയുകയും ചെയ്യുന്നുവെന്ന വികാരം ശക്തമാണ് പട്ടേല്‍ സമുദായക്കാര്‍ക്കിടയില്‍. പ്രത്യേകിച്ചും പട്ടേല്‍ പ്രക്ഷോഭ നായകനായ ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായതോടെ സമുദായത്തിന്റെ വലിയ പിന്തുണ ബിജെപിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.
പൊതുവെ വിജയ് രൂപാണി സര്‍ക്കാരിനെതിരെ നിലനിന്നിരുന്ന വിരുദ്ധ വികാരത്തിനു പുറമെ പട്ടേല്‍ സമുദായം പുറംതിരിഞ്ഞുനില്‍ക്കുന്നതും തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാകുമെന്ന ആലോചനയില്‍നിന്നാണ് ഇതേ സമുദായക്കാരനായ ഭൂപേന്ദ്ര പട്ടേലിന്റെ പേര് ഉയര്‍ന്നുവന്നത്. തെരഞ്ഞെടുപ്പില്‍ ഭൂപേന്ദ്രയെ മുന്നില്‍നിര്‍ത്തി പട്ടിദാര്‍ സമുദായത്തെ ചാക്കിലിടാമെന്ന കൗശലം തന്നെയാണ് പ്രധാനമായും ഇത്തരമൊരു അപ്രതീക്ഷിത തെരഞ്ഞെടുപ്പിനു പിന്നില്‍.
പട്ടിദാര്‍ സമുദായത്തിലെ ഉപജാതി വിഭാഗമായ കദ്‌വയില്‍നിന്ന് വരുന്നയാളാണ് ഭൂപേന്ദ്ര പട്ടേല്‍. ഹര്‍ദിക് പട്ടേലിന്‍റെ അതേ സമുദായം തന്നെ.
പ്രമുഖരെ വെട്ടി പാര്‍ട്ടിയുടെ 'സര്‍പ്രൈസ്'
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉര്‍ന്നുകേട്ടിരുന്ന പേരുകളില്‍ എവിടെയും ഭൂപേന്ദ്രയുണ്ടായിരുന്നില്ല എന്നതാണ് ഏറെ കൗതുകകരം. ഭരണരംഗത്തെ പരിചയം പ്രധാന ഘടകമായതിനാല്‍ ആദ്യമായി എംഎല്‍എയായ ഭൂപേന്ദ്ര ചിത്രത്തിലേ ഉണ്ടായിരുന്നില്ല.
എന്നാല്‍, ഇന്ന് ഗാന്ധിനഗറില്‍ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമാര്‍, പ്രല്‍ഹാദ് ജോഷി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗുജറാത്ത് ബിജെപി നിയമസഭാകക്ഷി യോഗത്തിലായിരുന്നു ആ സര്‍പ്രൈസ് നീക്കം നടന്നത്. നിലവിലെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ എന്നിവരുടെ പേരായിരുന്നു പ്രധാനമായും സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍, കൃഷി മന്ത്രി ആര്‍സി ഫല്‍ദു, കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല എന്നിവരുടെ പേരും പരിഗണിക്കപ്പെട്ടിരുന്നുവെന്നാണ് അറിയുന്നത്.