ആരാണ് ജസ്റ്റിസ് ചന്ദ്രു? സിപിഎം അദ്ദേഹത്തെ പുറത്താക്കിയതെന്തിന്?

ജയ് ഭീം റിലീസ് ചെയ്തതോടെ മദ്രാസ് ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ജസ്റ്റിസ് ചന്ദ്രുവും അദ്ദേഹത്തിന്‍റെ സംഭവബഹുലമായ വിധികളും ജീവിതവും വീണ്ടും ചര്‍ച്ചയാവുകയാണ്

Update: 2021-11-06 16:14 GMT
Advertising

"മനുഷ്യ ഹൃദയമുള്ള ആർക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ല. 'ഇൻക്വിലാബ് സിന്ദാബാദ്' വിളിക്കാതെ ഈ സിനിമ കണ്ടു പൂർത്തിയാക്കാനും ആകില്ല. സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്‍റെ പോരാട്ട പശ്ചാത്തലങ്ങളിൽ എല്ലാം നമുക്ക് ചെങ്കൊടി കാണാം"- ജയ് ഭീം കണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുറിച്ചതാണ് ഈ വാക്കുകള്‍. സൂര്യയുടെ സിനിമ പുറത്തിറങ്ങിയതോടെ മദ്രാസ് ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ജസ്റ്റിസ് ചന്ദ്രുവും അദ്ദേഹത്തിന്‍റെ സംഭവബഹുലമായ വിധികളും ജീവിതവും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ആരാണ് ജസ്റ്റിസ് ചന്ദ്രു? അദ്ദേഹത്തിന്‍റെ ഐതിഹാസിക വിധികള്‍ എന്തെല്ലാം? സിപിഎം അദ്ദേഹത്തെ എന്തിനു പുറത്താക്കി? അറിയാം വിശദമായി...

സഖാവ് ചന്ദ്രു

ഇടത്തരം കുടുംബത്തിൽ ജനിച്ച ചന്ദ്രു കോളജിൽ പഠിക്കുമ്പോൾ എസ്എഫ്ഐ നേതാവായിരുന്നു. സമര സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പടുകൂറ്റന്‍ റാലി പോലുള്ള കോളജിനു പുറത്തെ സമരങ്ങളിലും പങ്കെടുത്തു. ലയോള കോളജിൽ പഠിക്കുമ്പോൾ ഹോസ്റ്റലിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് സമരം നടത്തിയതിനാൽ രണ്ടാം വർഷത്തിൽ കോളജിൽ നിന്ന് പുറത്താക്കപ്പെട്ടു. തുടര്‍ന്ന് കോളജിലെ മൂന്നാം വര്‍ഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ പൂര്‍ത്തിയാക്കി. അതിനിടെ പൊലീസ് ലാത്തിചാർജിൽ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിലെ  വിദ്യാർഥി കൊല്ലപ്പെട്ടു. ആ സംഭവം തമിഴ്നാട്ടിനെയകെ പിടിച്ചുലച്ചു. ആ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് രാമസ്വാമി കമ്മീഷന്‍ നിയോഗിക്കപ്പെട്ടു. അന്ന് വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് ഹാജരായത് ചന്ദ്രുവാണ്. കൊല്ലപ്പെട്ട സഹപാഠിക്ക് നീതി ഉറപ്പാക്കാന്‍ മുന്നിലുണ്ടായിരുന്നു ചന്ദ്രു. ജസ്റ്റിസ് രാമസ്വാമിയാണ് ചന്ദ്രുവിന്റെ കഴിവും പ്രതിബദ്ധതയും തിരിച്ചറിഞ്ഞ് അഭിഭാഷകനാവാന്‍ ഉപദേശിച്ചത്.


1973ൽ ചന്ദ്രു മദ്രാസ് ലോ കോളജിൽ ചേർന്നു. 1976ല്‍ മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്റ്റീസ് തുടങ്ങി. റാവു & റെഡ്ഡി എന്ന നിയമ സ്ഥാപനത്തിന്‍റെ ഭാഗമായി. പാവപ്പെട്ടവർക്ക് നിയമസഹായം നൽകുന്ന ഒരു സ്ഥാപനമായിരുന്നു അത്. എട്ട് വർഷം അവിടെ ജോലി ചെയ്ത ശേഷം സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയ നേതാക്കളെ തടവറയിലടക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്തപ്പോള്‍ സിപിഎമ്മിനായി നിയമ പോരാട്ടം നടത്തിയത് ചന്ദ്രുവായിരുന്നു. തമിഴ്‌നാട്ടിലെ ബാർ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകനായി അദ്ദേഹം. അടിയന്തരാവസ്ഥയ്ക്ക് ശേഷം സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് ചന്ദ്രുവിന്‍റെ നേതൃത്വത്തില്‍ ജാഥ സംഘടിപ്പിച്ചു. അഭിഭാഷകനായി ജോലി ചെയ്യുമ്പോഴും തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ചന്ദ്രു.

ചന്ദ്രുവിനെ സിപിഎം പുറത്താക്കിയതെന്തിന്?

1988ലാണ് കെ ചന്ദ്രു സിപിഎം വിട്ടത്. 2013ല്‍ ബാര്‍ ആന്‍റ് ബഞ്ചിന് നല്‍കിയ അഭിമുഖത്തില്‍ സിപിഎമ്മില്‍ നിന്ന് പുറത്തായ സാഹചര്യം ചന്ദ്രു വിശദീകരിച്ചതിങ്ങനെ.. '1988ല്‍ എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ശ്രീലങ്കയില്‍ രാജീവ് ഗാന്ധിയുടെ ഇടപെടലിനെ ഞാന്‍ എതിര്‍ത്തു, ജയവര്‍ധനയുമായി ഇടപാട് നടത്താന്‍ അദ്ദേഹത്തിന് അവകാശമില്ലെന്ന് വാദിച്ചു. എന്നാല്‍ ഇതൊരു നല്ല പ്രശ്നപരിഹാരമാണെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. എന്തായാലും ഞാന്‍ പാര്‍ട്ടി വിട്ടു. എന്റെ പ്രവര്‍ത്തന മണ്ഡലം വിശാലമായി. ഞാന്‍ ഒരു പാര്‍ട്ടി അഭിഭാഷകനോ ഒരു പ്രത്യേക ട്രേഡ് യൂണിയന്‍ അഭിഭാഷകനോ ആയിരുന്നില്ല. ഞാന്‍ ലോകത്തിന്‍റെ മുഴുവന്‍ അഭിഭാഷകനായിരുന്നു. ആര്‍ക്കും വേണ്ടി ഹാജരാകുന്നതില്‍ എനിക്ക് നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഈ പുറത്താക്കല്‍ ഒരു അനുഗ്രഹമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു'- ജസ്റ്റിസ് ചന്ദ്രു വിശദീകരിച്ചു.


പാര്‍ട്ടി ചന്ദ്രുവിന്‍റെ നിലപാടുകളെ ചോദ്യംചെയ്തപ്പോള്‍ അദ്ദേഹത്തിന്‍റെ ഉത്തരം, മാര്‍ക്സിസത്തോടും മാനവികതയോടുമുള്ള സ്നേഹം രണ്ടല്ല ഒന്നാണ് എന്നായിരുന്നു. തൊഴിലാളിവിരുദ്ധ നിലപാട് സ്വീകരിച്ചു എന്നായിരുന്നു ചന്ദ്രുവിനെ പുറത്താക്കിയതിനു സിപിഎം നല്‍കിയ വിശദീകരണം. എന്നാല്‍ എന്ത് തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനമാണ് താന്‍ നടത്തിയത് എന്നു ചിന്തിച്ച് ചന്ദ്രു അസ്വസ്ഥനായെന്ന് സുഹൃത്തി തിയാഗു പറഞ്ഞു. ശ്രീലങ്കന്‍ തമിഴരോടുള്ള തന്‍റെ ഐക്യദാര്‍ഢ്യമാണ് പുറത്താക്കിയതിനു കാരണമെന്ന് പാര്‍ട്ടി വ്യക്തമാക്കേണ്ടതായിരുന്നുവെന്ന് ചന്ദ്രു തന്നോട് പറഞ്ഞെന്നും തിയാഗു വിശദീകരിക്കുകയുണ്ടായി.

ചന്ദ്രുവിനായി വി ആര്‍ കൃഷ്ണയ്യരുടെ ഇടപെടല്‍

ചന്ദ്രുവിനെ പുറത്താക്കിയ നടപടിയില്‍ അസ്വസ്ഥനായിരുന്നു സുപ്രീംകോടതി ജഡ്ജിയും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗവുമായിരുന്ന വി ആര്‍ കൃഷ്ണയ്യര്‍. അദ്ദേഹം ചന്ദ്രുവിനായി ഇഎംഎസ് നമ്പൂതിരിപ്പാടിനോട് സംസാരിച്ചു. തമിഴ്നാട്ടില്‍ ചന്ദ്രുവിനെപ്പോലുള്ള യുവാവായ നേതാവിനെ പാര്‍ട്ടി നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞു. പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷനില്‍ അപ്പീല്‍ നല്‍കാന്‍ ഇഎംഎസ് ആവശ്യപ്പെട്ടു. എന്നാല്‍ ചന്ദ്രു സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

നീതിമാനായ ജസ്റ്റിസ് ചന്ദ്രു

നാല് വര്‍ഷത്തിനിടെ 54,000 കേസുകളിലാണ് ജസ്റ്റിസ് ചന്ദ്രു വിധി പറഞ്ഞത്. ജഡ്ജിയായിരുന്ന സമയത്ത് കോടതിയിൽ അഭിഭാഷകരോട് 'മൈ ലോർഡ്' എന്ന് വിളിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അധികാര പ്രകടനങ്ങളോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. സാമൂഹ്യനീതി ഉറപ്പാക്കുന്ന പല സുപ്രധാന വിധികളും അദ്ദേഹം പാസാക്കി. സ്ത്രീകൾക്കും ക്ഷേത്രങ്ങളിൽ പൂജാരിമാരാകാം, ജാതിഭേദമില്ലാത്ത പൊതുശ്മശാനം വേണം, മാനസിക രോഗങ്ങളുള്ള സർക്കാർ ജീവനക്കാര്‍ക്ക് പിരിച്ചുവിടലിൽ നിന്ന് സംരക്ഷണം നൽകണം എന്നിവയാണ് അവയിൽ ചിലത്. കുറേ പണം നേടി ഫൈവ് സ്റ്റാര്‍ അഭിഭാഷകനാവാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. സുരക്ഷാ ജീവനക്കാരന്‍റെ അകമ്പടിയില്ലാതെയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്‍റെ യാത്ര. തന്‍റെ സ്വകാര്യ സ്വത്തുക്കൾ അദ്ദേഹം ഒരിക്കലും മറച്ചുവെച്ചില്ല. ജഡ്ജിയായ ദിവസം മുതൽ വിരമിക്കുന്ന ദിവസം വരെ ലോക്കല്‍ ട്രെയിനിലാണ് അദ്ദേഹം സഞ്ചരിച്ചത്.


1990കളില്‍ മദ്രാസ് ഹൈക്കോടതി സീനിയർ അഭിഭാഷകനായി അദ്ദേഹം നാമനിർദേശം ചെയ്യപ്പെട്ടു. 2006 ജൂലൈയിൽ മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമനം. 2009 നവംബറിൽ നിയമനം സ്ഥിരമായി. 2009 നവംബർ 9ന് സത്യപ്രതിജ്ഞ ചെയ്ത ദിവസം, തന്‍റെ സ്വത്തുവിവരം വെളിപ്പെടുത്തി അദ്ദേഹം കോളിളക്കം സൃഷ്ടിച്ചു. 2013 മാർച്ചിൽ വിരമിക്കുന്നത് വരെ തന്‍റെ അധികാരം നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദമാകാന്‍ അദ്ദേഹം ഉപയോഗിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News