കോടികൾ ആസ്തിയുള്ള എൻആർഐ? ആരാണ് അമൃത്പാൽ സിങ്ങിന്റെ ഭാര്യ കിരൺദീപ് കൗർ
ബ്രിട്ടനിലെ നിരോധിത സിഖ് സംഘടന ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.
ഖാലിസ്ഥാൻ നേതാവ് അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള പഞ്ചാബ് പൊലീസിന്റെ ശ്രമങ്ങൾ തുടർച്ചയായ ആറാം ദിവസവും തുടരുകയാണ്. വാരിസ് പഞ്ചാബ് ദേ തലവനായ അമൃത്പാൽ എവിടെയാണ് എന്നതില്‍ പൊലീസിന് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഒളിസങ്കേതം കണ്ടെത്താൻ ഭാര്യ കിരൺദീപ് കൗർ, പിതാവ് തർസീം സിങ്, അമ്മ ബൽവീന്ദർ കൗർ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തു.
വിദേശ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഭാര്യയിൽനിന്ന് പൊലീസ് ചോദിച്ചറിഞ്ഞത് എന്നാണ് വിവരം. യുകെയിൽ സ്ഥിരതാമസമായിരുന്ന കിരൺദീപ് കൗറിനെ ഫെബ്രുവരിയിലാണ് അമൃത്പാൽ വിവാഹം ചെയ്തത്. വിവാഹശേഷം അമൃത്പാല്‍ വസിക്കുന്ന ജുല്ലുപുർ ഖേദയിലാണ് കൗറിന്റെ താമസം. ജലന്ധറിൽ വേരുള്ള കുടുംബമാണ് ഇവരുടേത്.
ബ്രിട്ടനിലെ നിരോധിത സിഖ് സംഘടന ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ഖാലിസ്ഥാൻ മൂവ്‌മെന്റിന് തുറന്ന പിന്തുണ പ്രഖ്യാപിച്ച സംഘടനയാണിത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി 35 കോടി രൂപയുടെ വിദേശ കള്ളപ്പണം ഖാലിസ്ഥാനി നേതാവിന്റെ കൈയിലെത്തി എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷവും അന്വേഷണ സംഘത്തിന് കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. തന്റെ അനുയായികൾക്കായി 35 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ആയുധങ്ങളും ഈ പണം ഉപയോഗിച്ച് അമൃത്പാൽ വാങ്ങി എന്ന് സുരക്ഷാ ഏജൻസികൾ പറയുന്നു.