ആര്യൻഖാനെ ആസൂത്രണം ചെയ്തു കുടുക്കി; പിന്നിൽ മനീഷ് ഭാനുശാലി-ആരാണിയാൾ?
ആഡംബരക്കപ്പലിലെ എന്‍സിബി റെയ്ഡില്‍ ഭാനുശാലി എത്തിയതെങ്ങനെ?
മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 16 പേർ അറസ്റ്റിലായ ലഹരിക്കേസ് ബിജെപിയുടെ തിരക്കഥയാണ് എന്ന് ആരോപിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് അടക്കമുള്ളവർ ഈ സംശയം ഉന്നയിച്ചു കഴിഞ്ഞു. ആഡംബരക്കപ്പലിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ രഹസ്യറെയ്ഡിൽ എങ്ങനെയാണ് ഒരു ബിജെപി നേതാവ് പങ്കെടുത്തത് എന്നാണ് നവാബ് മാലിക് ചോദിച്ചത്. പാർട്ടി പ്രാദേശിക നേതാവായ മനീഷ് ഭാനുശാലിയാണ് റെയ്ഡിൽ എൻസിബി സംഘത്തോട് ഒപ്പമുണ്ടായിരുന്നത്. ആരാണീ മനീഷ് ഭാനുശാലി?
ബിജെപിയുടെ പ്രാദേശിക ഘടകം വൈസ് പ്രസിഡണ്ടാണ് ഭാനുശാലിയെന്ന് മുംബൈ ആസ്ഥാനമായ മാധ്യമപ്രവർത്തകനും അഭിഭാഷകനുമായ സുധീർ സൂര്യവംശി പറയുന്നു. ഭാനുശാലിക്കൊപ്പം സ്വകാര്യ ഡിറ്റക്ടീവായ എസ്‌കെ ഗോസാവി എന്നയാളും സംഭവത്തിൽ ഉൾപ്പെട്ടതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ആര്യൻഖാനെയും അർബാസ് മർച്ചന്റിനെയും എൻസിബി ഓഫീസിൽ ഹാജരാക്കുമ്പോൾ ഇരുവരുടെയും സാന്നിധ്യമുണ്ടായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
BREAKING : The footage below shows Kiran P Gosavi and Manish Bhanushali visiting the NCB office the night the cruise ship was raided.
— ⭐HeartCoreFan⭐ (@Captainanjan) October 7, 2021
It is big conspiracy against SRK. Everything was framed.#ReleaseAryanKhan
pic.twitter.com/dhElxUTZmT
എന്നാൽ കേസിലെ ഇൻഫോർമർ (വിവരം നൽകുന്നയാൾ) മാത്രമാണ് താനെന്നും ബിജെപിയുടെ ഒരു ഭാരവാഹിത്വവും വഹിക്കുന്നില്ലെന്നും ഭാനുശാലി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർക്കൊപ്പം നിൽക്കുന്ന മനീഷിന്റെ ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച രാത്രിയാണ് മുംബൈ തീരത്തെ ക്രൂയിസ് കപ്പലിൽ എൻ.സി.ബി നടത്തിയ റെയ്ഡിനിടെ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അടക്കമുള്ളവർ അറസ്റ്റിലായത്. പരിശോധനയിൽ നിരോധിത ലഹരി ഉൽപന്നങ്ങൾ പിടിച്ചെടുത്തിരുന്നു. ആര്യൻഖാനാണ് ഒന്നാം പ്രതി.
#ReleaseAryanKhan
— SRK KA WARRIOR🔥🔥🔥 (@don_sunnik) October 7, 2021
Another video footage of Kiran P Gosavi and Manish Bhanushali leaving the NCB office. pic.twitter.com/Qr9Cd8mtgA
ഫാഷൻ ടിവി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ കാഷിഫ് ഖാന്റെ നേതൃത്വത്തിലാണ് മുംബൈയിലെ കോർഡേലിയ എന്ന ആഡംബര കപ്പലിൽ മൂന്ന് ദിവസത്തെ സംഗീത യാത്ര പുറപ്പെട്ടത്. ബോളിവുഡ്, ഫാഷൻ, ബിസിനസ് മേഖലകളിലുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘാടകരുടെ ക്ഷണപ്രകാരമാണ് ആര്യൻ ഖാൻ എത്തിയതെന്നാണ് വിവരം.
കപ്പലിൽ നിരോധിത ലഹരി മരുന്നുകളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻസിബി ഉദ്യോഗസ്ഥരും യാത്രക്കാരെന്ന വ്യാജേന കപ്പലിൽ കയറുകയായിരുന്നു എന്നാണ് എൻസിബി വൃത്തങ്ങൾ പറയുന്നത്. കപ്പൽ നടുക്കടലിൽ എത്തിയതോടെയാണ് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. എംഡിഎംഎ, കൊക്കെയിൻ തുടങ്ങിയ ലഹരിവസ്തുക്കൾ പിടികൂടിയെന്ന് എൻസിബി സംഘം വ്യക്തമാക്കി. 'രണ്ടാഴ്ച നീണ്ടുനിന്ന അന്വേഷണത്തിന്റെ ഫലമാണിത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ചില ബോളിവുഡ് ബന്ധങ്ങൾ വ്യക്തമായി'- എൻസിബി മേധാവി എസ് എൻ പ്രധാൻ എ.എൻ.ഐയോട് പറഞ്ഞു.
അതിനിടെ, മുഖ്യപ്രതികളായ ആര്യൻഖാന്റെയും അർബാസ് മർച്ചന്റിനെയും മുൺമുൺ ധമേച്ചയുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ മൂവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി നീട്ടി നൽകണമെന്ന് എൻസിബി ആവശ്യപ്പെടുമെന്നാണ് വിവരം.