കുട്ടികൾക്ക് രാവിലെ 7 മണിക്ക് സ്‌കൂളിൽ പോകാമെങ്കിൽ കോടതിക്ക് എന്തുകൊണ്ട് 9 മണിക്ക് തുടങ്ങിക്കൂടാ ? സുപ്രിംകോടതി ജസ്റ്റിസ്

സാധാരണ പ്രവൃത്തിദിവസങ്ങളിൽ സുപ്രിംകോടതി രാവിലെ 10.30നാണ് തുടങ്ങാറ്

Update: 2022-07-15 07:42 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: കുട്ടികൾക്ക് രാവിലെ ഏഴ് മണിക്ക് സ്‌കൂളിൽ പോകാമെങ്കിൽ, ജഡ്ജിമാർക്കും അഭിഭാഷകർക്കും കോടതിയിൽ എന്തുകൊണ്ട് ഒമ്പതുമണിക്ക് എത്തിക്കൂടായെന്ന് സുപ്രിംകോടതി ജസ്റ്റിസ് ഉദയ് യു ലളിത്. സാധാരണ പ്രവൃത്തിദിവസങ്ങളിൽ സുപ്രിംകോടതി ബെഞ്ചുകൾ രാവിലെ 10.30നാണ് ഒത്തുകൂടുക. വൈകുന്നേരം 4 മണി വരെയാണ് സമയം. ഈ സമയത്തിനുള്ളിൽ ഉച്ചയ്ക്ക് 1 മണിക്കും 2 മണിക്കും ഇടയിൽ ഒരു മണിക്കൂർ ഉച്ചഭക്ഷണ ഇടവേളയുമുണ്ട്.

പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി ജസ്റ്റിസ് ലളിത് വെള്ളിയാഴ്ച രാവിലെ 9.30 ന് സീറ്റിലെത്തുകയും കേസുകൾ കേൾക്കാൻ തുടങ്ങുകയും ചെയ്തു. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, സുധാൻഷു ധൂലിയ എന്നിവരുൾപ്പെടെയുള്ള ബെഞ്ചായിരുന്നു കേസ് കേട്ടത്. ജാമ്യാപേക്ഷയിൽ ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി നേരത്തെ എത്തിയ ബെഞ്ചിനെ അഭിനന്ദിച്ചു. 'ഈ സമയം 9.30 കോടതികൾ ആരംഭിക്കുന്നതിന് കൂടുതൽ ഉചിതമായ സമയമാണെന്നും മുകുൾ റോത്തഗി അഭിപ്രായപ്പെട്ടു.

കോടതി നേരത്തെ തുടങ്ങണമെന്ന നിലപാടാണ് താൻ എന്നും പുലർത്തുന്നതെന്നും ജസ്റ്റിസ് ലളിത് മറുപടി നൽകി. 'നമ്മുടെ കുട്ടികൾക്ക് രാവിലെ 7 മണിക്ക് സ്‌കൂളിൽ പോകാമെങ്കിൽ, എന്തുകൊണ്ട്് നമുക്ക് 9 മണിക്ക് കോടതിയിൽ വന്നുകൂടായെന്നും അദ്ദേഹം ചോദിച്ചു. ഓഗസ്റ്റ് 27 ന് ചീഫ് ജസ്റ്റിസ് എൻവി രമണയിൽ നിന്ന് ജസ്റ്റിസ് ലളിത് ചുമതലയേൽക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News