കേന്ദ്രത്തോട് ഇടഞ്ഞോ? മുഖ്യ തെര. കമ്മിഷണറുമായി അഭിപ്രായ ഭിന്നത? അരുൺ ഗോയലിന്‍റെ രാജിക്കു പിന്നിലെന്ത്?
ബംഗാളിലെ തെരഞ്ഞെടുപ്പ് അവലോകനത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുക്കാതെ പെട്ടെന്ന് കൊൽക്കത്തയിൽനിന്നു മടങ്ങുകയായിരുന്നു അരുൺ ഗോയൽ
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ നടത്തിയ സന്ദർശനത്തിനു പിന്നാലെയായിരുന്നു അരുൺ ഗോയലിന്റെ അപ്രതീക്ഷിത നീക്കങ്ങൾ. രാജിയിൽ പലതരത്തിലുള്ള ആശങ്കകളും സംശയങ്ങളുമാണു പ്രതിപക്ഷം ഉയർത്തുന്നത്.
വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് അരുൺ ഗോയൽ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, മറ്റെന്തൊക്കെയോ അകത്തു പുകയുന്നുണ്ടെന്നാണു പുറത്തുവരുന്ന വിവരങ്ങൾ. കേന്ദ്ര സർക്കാരിൽനിന്നുള്ള സമ്മർദത്തെയും അഭിപ്രായ ഭിന്നതകളെയും തുടർന്നാണു രാജിയെന്ന തരത്തിൽ പ്രതിപക്ഷം പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറും ഗോയലും തമ്മിലുള്ള അഭിപ്രായഭിന്നതയാണു രാജിയിൽ കലാശിച്ചിരിക്കുന്നതെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബംഗാൾ പര്യടനത്തിനു പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള പിണക്കം മറനീക്കി പുറത്തുവന്നത്. തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് മാർച്ച് അഞ്ചിന് കൊൽക്കത്തയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഗോയൽ പങ്കെടുത്തിരുന്നില്ല. രാജീവ് കുമാർ ഒറ്റയ്ക്കായിരുന്നു അന്നു മാധ്യമപ്രവർത്തകരെ കണ്ടത്.
ഇതേ വിഷയം തന്നെയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഉയർത്തുന്നത്. കൊൽക്കത്തയിലെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനു പിന്നാലെ എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചുവെന്ന് മഹുവ ചോദിക്കുന്നു. പര്യടനം ചുരുക്കി പെട്ടെന്ന് ഗോയൽ കൊൽക്കത്ത വിട്ട കാര്യവും മഹുവ സൂചിപ്പിച്ചിട്ടുണ്ട്. ബംഗാളിലെ തെരഞ്ഞെടുപ്പ് ഘട്ടങ്ങൾ, സൈനിക വിന്യാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രത്തിന്റെ നിർദേശം അദ്ദേഹം എതിർത്തുവെന്നാണു വ്യക്തമാകുന്നത്. ആജ്ഞാനുവർത്തിയായ ഒരാളെയാകും പകരം സ്ഥാനത്ത് നിയമിക്കാൻ പോകുന്നതെന്നും മഹുവ ആരോപിക്കുന്നു.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേന്ദ്രത്തിനു നേരെത്തന്നെയാണ് ആരോപണശരമുയർത്തിയിരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യയിലിനി ഒറ്റ തെരഞ്ഞെടുപ്പ് കമ്മിഷണർ മാത്രമാണുള്ളത്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? സ്വതന്ത്രസ്ഥാപനങ്ങളെ കശാപ്പുചെയ്യുന്നത് തടഞ്ഞില്ലെങ്കിൽ നമ്മുടെ ജനാധിപത്യം ഏകാധിപത്യത്താൽ അട്ടിമറിക്കപ്പെടുമെന്ന് ഖാർഗെ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ആരോഗ്യസ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും വിമർശിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇത്തരത്തിൽ പൊടുന്നനെയുള്ളൊരു രാജി എല്ലാവരെയും ആശങ്കപ്പെടുത്തേണ്ടതാണെന്നാണ് മുതിർന്ന അഭിഭാഷകനും മുൻ കോൺഗ്രസ് നേതാവും സ്വതന്ത്ര രാജ്യസഭാ അംഗവുമായ കപിൽ സിബൽ പ്രതികരിച്ചത്. ഇതൊരു അസാധാരണ സംഭവമാണ്. ഗോയൽ പറഞ്ഞ വ്യക്തിപരമായ കാരണം സത്യസന്ധമായിരിക്കാമെങ്കിലും ഇങ്ങനെയൊരു രാജി സംഭവിക്കാൻ സാധ്യതയില്ലാത്തതാണ്. ബംഗാളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹവും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടാകാം. എന്നാൽ, രാജ്യത്ത് സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ട ഇലക്ഷൻ കമ്മിഷനെ പതുക്കെ കശാപ്പ് ചെയ്യുകയാണെന്നും കഴിഞ്ഞ പത്തു വർഷത്തോളമായി രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളും ഈ കശാപ്പിനിരയായിക്കൊണ്ടിരിക്കുകയാണെന്നും സിബൽ ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശ് മറ്റൊരു സംശയമാണ് ഉയർത്തുന്നത്. കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായയുടെ വഴിയേയാണോ അരുൺ ഗോയലിന്റെയും രാജിയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കൽക്കട്ട ഹൈക്കോടതി ജഡ്ജി ഏതാനും ദിവസങ്ങൾക്കു മുൻപ് ചെയ്തപോലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാനാണോ അദ്ദേഹത്തിന്റെ നീക്കമെന്ന് ജയറാം രമേശ് ചോദിക്കുന്നു. മോദി സർക്കാരുമായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുമായുമുള്ള ഭിന്നതയാണോ പ്രകോപനമെന്ന സംശയവും അദ്ദേഹം ഉയർത്തുന്നുണ്ട്.
ഏതായാലും കാലാവധി തീരാൻ ഇനിയും മൂന്ന് വർഷം ബാക്കിനിൽക്കെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാകാനുള്ള അവസരവും മുന്നിൽനിൽക്കെ അരുൺ ഗോയൽ എന്തിന് ഇത്തരമൊരു കടുത്ത നീക്കം നടത്തിയെന്ന ചോദ്യമാണ് എല്ലാ കേന്ദ്രങ്ങളിൽനിന്നും ഒരുപോലെ ഉയരുന്നത്. 2027ലാണ് അദ്ദേഹത്തിന്റെ കാലാവധി തീരാനിരിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിയിൽ രാജീവ് കുമാർ വിരമിക്കും. ആ ഒഴിവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ആകേണ്ടയാളാണ് ഗോയൽ. കഴിഞ്ഞ ഫെബ്രുവരിയിൽ മറ്റൊരു കമ്മിഷൻ അംഗമായിരുന്ന അനൂപ് ചന്ദ്ര പാണ്ഡെ വിരമിച്ചിരുന്നു. ഇതോടെ മൂന്നംഗ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ രാജീവ് കുമാർ എന്ന ഒറ്റ ഒരാളിലേക്കു ചുരുങ്ങിയിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുംമുൻപ് ഒഴിവുകളിലേക്ക് പുതിയ ആളുകളെ നിയമിക്കുമോ, നിയമിക്കുകയാണെങ്കിൽ അത് ആരായിരിക്കുമെന്നെല്ലാമാണു രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Summary: Why did Arun Goel resign as election commissioner?