ബി.ജെ.പി നേതാക്കളുടെ മക്കൾ എന്തുകൊണ്ടാണ് കാവി ഷാളണിഞ്ഞ് മതം സംരക്ഷിക്കാനിറങ്ങാത്തത്?: പ്രിയങ്ക് ഖാർഗെ
പാവപ്പെട്ടവരുടെ മക്കളെയാണ് കയ്യിൽ ആയുധം കൊടുത്ത് തെരുവിലിറക്കുന്നത്. ബി.ജെ.പി എം.എൽ.എമാരുടെ മക്കൾ വിദേശത്ത് ഉന്നത പഠനം നടത്തുകയാണെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
ബംഗളൂരു: ബി.ജെ.പി നേതാക്കൾ കാവി ഷാളുമായി വരുമ്പോൾ എന്തുകൊണ്ടാണ് നിങ്ങളുടെ മക്കൾ ഇത് ധരിച്ച് തെരുവിലിറങ്ങാത്തതെന്ന് ചോദിക്കണമെന്ന് കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ.
''എന്തുകൊണ്ടാണ് നമ്മുടെ മക്കളെ മാത്രം കാവി ഷാൾ അണിയിക്കുന്നത്. അവരുടെ മക്കൾ എന്തുകൊണ്ടാണ് കാവി ഷാൾ അണിയാത്തതെന്ന് ചോദിക്കണം. അവരുടെ മക്കൾ എന്ത് ചെയ്യുകയാണെന്ന് ചോദിച്ച് നോക്കൂ. അവരുടെ മക്കൾ മതം സംരക്ഷിക്കാൻ തെരുവിലിറങ്ങുമോ? അവരുടെ മക്കൾ പശുവിനെ സംരക്ഷിക്കാൻ തെരുവിലിറങ്ങുമോ? അവർ ഗോശാലയിൽ പോയി എല്ലാ ദിവസവും ഗോമൂത്രം കുടിക്കുമോ? അവർ ചാണകം കഴിക്കുമോ?''-പ്രിയങ്ക് ഖാർഗെ ചോദിച്ചു.
''ബി.ജെ.പി എം.എൽ.എമാരുടെ മക്കൾ എന്താണ് ചെയ്യുന്നത്? ഞാൻ ഒരിക്കലും അവരുടെ മക്കളെ കുറ്റപ്പെടുത്തുകയല്ല, പക്ഷേ ബി.ജെ.പി നേതാക്കളുടെ മക്കൾ എന്താണ് ചെയ്യുന്നതെന്ന് പരിശോധിച്ച് നോക്കൂ. അശ്വന്ത് നാരായണയുടെ മകൻ ഉന്നത വിദ്യാഭ്യാസത്തിന് യു.എസിലാണ്. എസ്.ടി സോമശേഖറിന്റെ മകനും വളരെ മാന്യനായ ഒരു വ്യക്തിയാണ്. ഇന്റർനാഷണൽ സ്‌കൂളിൽ പഠിക്കണമെന്നാണ് അവനും പറയുന്നത്. ഇതുതന്നെയാണ് എല്ലാവരുടെയും സ്ഥിതി. ആരും കാവി ഷാൾ അണിഞ്ഞ് മതം സംരക്ഷിക്കാൻ തെരുവിലിറങ്ങുന്നില്ല. ആരുടെ കയ്യിലും കത്തിയില്ല, ആരുടെ കയ്യിലും വാളില്ല. അത് പാവപ്പെട്ടവന്റെ മക്കളുടെ കയ്യിലാണ്. അതുകൊണ്ടാണ് ഞാൻ ഇതിനെ എതിർക്കുന്നത്. ആദ്യം നിങ്ങളുടെ മക്കളെ ഇതിനായി ഇറക്കൂ..അപ്പോൾ ഞങ്ങളുടെ മക്കളെയും ഇറക്കാം. ഇത് പാവപ്പെട്ടവന്റെ മക്കൾ മാത്രം ചെയ്യേണ്ടതാണോ? നിങ്ങൾക്ക് നാണമില്ലേ?-പ്രിയങ്ക് ഖാർഗെ ചോദിച്ചു.
"Why don't children of politicians wear saffron shawls?" - @PriyankKharge pic.twitter.com/9vwI4N5lot
— Mohammed Zubair (@zoo_bear) May 27, 2023
സമാധാനം തകർത്താൽ ആർ.എസ്.എസിനെയും നിരോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നു. ബി.ജെ.പി എതിർപ്പുണ്ടെങ്കിൽ പാകിസ്താനിലേക്ക് പോകാമെന്നും അദ്ദേഹം പരിഹസിച്ചു.