വീണ്ടും പിഡിപിയെ കൂട്ടി ബിജെപി ജമ്മു കശ്മീര്‍ പിടിക്കുമോ? ഇൻഡ്യയ്ക്ക് മുന്നില്‍ എന്ത്?

2014ൽ മെഹബൂബ മുഫ്തിയുടെ പിഡിപിയുമായി ചേർന്ന് ബിജെപി സർക്കാർ രൂപീകരിച്ചിരുന്നു.

Update: 2024-10-08 03:59 GMT
Editor : Shaheer | By : Web Desk
Advertising

ശ്രീനഗർ: ഒരു പതിറ്റാണ്ടിനുശേഷം ജമ്മു കശ്മീരിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ തൂക്കുസഭയുടെ സാധ്യതകള്‍ തെളിഞ്ഞിരുന്നു. എന്നാല്‍, അവസാനത്തെ സൂചനകൾ പുറത്തുവരുമ്പോൾ ആകെ 90 സീറ്റിൽ 53 ഇടത്ത് കോൺഗ്രസും നാഷനൽ കോൺഫറൻസും ചേർന്നുള്ള ഇൻഡ്യ സഖ്യം മുന്നേറുകയാണ്. ബിജെപി ഒറ്റയ്ക്ക് 22 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. 11 സീറ്റിൽ സ്വതന്ത്രരും നാല് സീറ്റിൽ പിഡിപിയും മുന്നിട്ടുനില്‍ക്കുന്നു.

46 സീറ്റാണ് ജമ്മു കശ്മീരിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഇതിലേക്ക് എത്താൻ ഇൻഡ്യ സഖ്യത്തിനാകുമോ എന്നതാണു നിര്‍ണായകമായ ചോദ്യം. മാന്ത്രികസംഖ്യയിലേക്കെത്താൻ കഴിഞ്ഞില്ലെങ്കിൽ പിഡിപിയും സ്വതന്ത്രരും കിങ് മേക്കർമാരാകുമെന്നുറപ്പാണ്.

പ്രതീക്ഷിച്ച പോലെ ജമ്മുവിലാണ് ബിജെപി മുന്നേറുന്നത്. കശ്മീർ താഴ്‌വരയിൽ സ്വതന്ത്രരെ കൂടെക്കൂട്ടി അധികാരം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവർ. ഇതോടൊപ്പം ഏറ്റവും നിർണായകമായി അഞ്ച് സീറ്റിലേക്ക് അംഗങ്ങളെ വിവിധ മേഖലകളിൽനിന്നായി നാമനിർദേശം ചെയ്യാൻ ലഫ്റ്റനന്റ് ഗവർണർക്ക് കേന്ദ്ര സർക്കാർ അധികാരം നൽകിയിരുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായിരുന്നു നിർണായകനീക്കം. സ്വതന്ത്രരുടെ ഉൾപ്പെടെ പിന്തുണ ലഭിച്ചാൽ ഗവർണറുടെ നാമനിർദേശത്താൽ ഭരണം പിടിക്കാനാകും ബിജെപി നീക്കം.

ജമ്മു കശ്മീരിൽ ഇതുവരെ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനായിട്ടില്ല. ആദ്യമായി 2014ൽ മെഹബൂബ മുഫ്തിയുടെ പിഡിപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചിരുന്നു. എന്നാൽ, 2018ൽ ബിജെപി മെഹബൂബ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. പിന്നാലെ കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തൊഴിവാക്കിയ സുപ്രധാന വിധിയിലൂടെ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി മോദി സർക്കാർ വിഭജിക്കുകയുമായിരുന്നു.

ഒരിക്കൽ കൂടി ബിജെപിയെ പിന്തുണയ്ക്കാൻ പിഡിപി തയാറാകുമോ എന്നതാണു രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇൻഡ്യയ്‌ക്കൊപ്പം കൂടാതെ ഒറ്റയ്ക്കു മത്സരിച്ച മെഹബൂബ മുഫ്തിയുടെ പാർട്ടി ഫലപ്രഖ്യാപനത്തിനുശേഷം അത്തരമൊരു സാധ്യത കൂടിയാണു തുറന്നിട്ടുള്ളത്. എന്നാൽ, ദേശീയതലത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഇൻഡ്യ സഖ്യത്തിന്റെ രൂപീകരണയോഗങ്ങളിലെല്ലാം സജീവമുഖമായിരുന്നു മെഹബൂബ. ഇതോടൊപ്പം കശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ എടുത്തുമാറ്റിയ കേന്ദ്ര സർക്കാരിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധമുയർത്തിയ നേതാക്കളിലൊരാൾ കൂടിയാണ് അവർ.

തൂക്കുസഭയ്ക്കുള്ള സാധ്യത തെളിഞ്ഞാൽ പിഡിപിയുമായും സഖ്യത്തിന് ഒരുക്കമാണെന്ന് നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കിയിരുന്നു. എന്നാൽ, ഉമർ അബ്ദുല്ലയ്ക്ക് ഇതേ നിലപാടല്ല ഉള്ളത്. അനവസരത്തിലുള്ള ഊഹാപോഹം എന്നു പറഞ്ഞു തള്ളിക്കളയുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ അവർ ഞങ്ങൾക്ക് പിന്തുണ നൽകിയിട്ടില്ലെന്നും ജനങ്ങളുടെ തീരുമാനം എന്താണെന്ന് അറിയില്ലെന്നും ഉമർ അബ്ദുല്ല പറഞ്ഞു.

അതേസമയം, പിഡിപി ഇൻഡ്യയെ പിന്തുണയ്ക്കുമെന്ന വാർത്തകളോട് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിയും തള്ളിയിട്ടുണ്ട്. അനാവശ്യ ഊഹാപോഹങ്ങളെന്നാണ് എക്‌സിലൂടെ കഴിഞ്ഞ ദിവസം അവർ പ്രതികരിച്ചത്. ഫലം വന്ന ശേഷമാകും പാർട്ടിയുടെ മുതിർന്ന നേതൃത്വം ഒരു മതേതര മുന്നണിയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുകയെന്നും അവർ വ്യക്തമാക്കിയിരിക്കുകയാണ്.

Summary: Will BJP take power again with PDP? What lies ahead for INDIA?

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News