ജയം ഉറപ്പിച്ച് മമത; ബംഗാളില്‍ മൂന്നിടത്തും തൃണമൂല്‍
ഭവാനിപൂർ കൂടാതെ സംസാർഗഞ്ച്, ജംഗിപൂർ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍
പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജയം ഉറപ്പിച്ച് മമത ബാനര്‍ജി. നിലവില്‍ മമതയുടെ ലീഡ് 34,000 കടന്നു. ഭവാനിപൂർ കൂടാതെ സംസാർഗഞ്ച്, ജംഗിപൂർ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തരംഗം അലയടിച്ചപ്പോഴും നന്ദിഗ്രാമിൽ മമത ബാനർജി പരാജയപ്പെട്ടിരുന്നു. ബിജെപി സ്ഥാനാർഥിയായി രംഗത്തിറങ്ങിയ മുൻ വിശ്വസ്തൻ സുവേന്ദു അധികാരിക്ക് മുന്നിലാണ് അടിതെറ്റിയത്. തോൽവി വകവെയ്ക്കാതെ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി ചുമതലയേറ്റു. എംഎൽഎ അല്ലാത്തവർക്കും മന്ത്രിയാകാം എന്ന ഭരണഘടന വ്യവസ്ഥയിലാണ് മുഖ്യമന്ത്രിയായത്. ആറു മാസത്തിനുള്ളിൽ നിയമസഭാ അംഗമായില്ലെങ്കിൽ പുറത്തുപോകേണ്ടിവരും. ഈ കാലപരിധി അടുത്ത മാസം അഞ്ചിനു അവസാനിക്കും. അതായത് ഇന്ന് ഫലം മമതയ്ക്ക് അത്ര നിര്‍ണായകമായിരുന്നു.
കൃഷിമന്ത്രി ശോഭൻ ദേവ് എംഎൽഎ സ്ഥാനം രാജിവെച്ച് ഭവാനിപൂരില്‍ മമതയ്ക്കായി വഴിമാറുകയായിരുന്നു. ബിജെപിയിലെ പ്രിയങ്ക തിബ്രവാളും സിപിഎമ്മിലെ ശ്രീജീബ് ബിശ്വാസുമാണ് മമതയുടെ എതിരാളികൾ. 2011ലും 2016ലും മമതയെ വിജയിപ്പിച്ച ഈ മണ്ഡലം ദീദിയുടെ സ്വന്തം വീട് എന്നാണ് അറിയപ്പെടുന്നത്. 50,000 വോട്ടിനുമേല്‍ ഭൂരിപക്ഷത്തില്‍ മമത വിജയിക്കുമെന്ന് നേരത്തെ തന്നെ തൃണമൂല്‍ നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
വോട്ടെണ്ണൽ കഴിയുന്നതു വരെ വോട്ടെണ്ണൽ കേന്ദ്രത്തിന്‍റെ 100 മീറ്ററിനുള്ളിൽ അഞ്ചിൽ കൂടുതൽ ആളുകളെ ഒത്തുചേരാൻ അനുവദിക്കില്ല. ഓരോ വോട്ടെണ്ണൽ കേന്ദ്രവും കനത്ത സുരക്ഷയിലാണ്. വോട്ടെണ്ണലിനു ശേഷം സംഘർഷമുണ്ടാകുന്നത് തടയാൻ നടപടിയെടുക്കണമെന്ന് ബിജെപി സ്ഥാനാർഥി ആവശ്യപ്പെട്ടിട്ടുണ്ട്.