ഷാരൂഖ് ഖാനോട് പണം ആവശ്യപ്പെട്ടോ? മറുപടിയുമായി കിരണ്‍ ഗോസാവി
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറാണ്.
ജീവന് ഭീഷണിയുണ്ടെന്ന് മുംബൈ ആഡംബര കപ്പൽ ലഹരിക്കേസിലെ സാക്ഷി കിരൺ ഗോസാവി. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറാണ്. ആര്യൻ ഖാനുമായി സെൽഫിയെടുത്തത് എന്‍സിബി ഓഫീസില്‍ വെച്ചല്ല, ക്രൂയിസ് ടെർമിനലിൽ വെച്ചാണ്. പണം ആവശ്യപ്പെട്ട് ഷാരൂഖ് ഖാന്‍റെ മാനേജറെ സമീപിച്ചിട്ടില്ലെന്നും കിരൺ ഗോസാവി പറഞ്ഞു. നിലവില്‍ ഒളിവിലാണ് ഗോസാവി
പ്രഭാകര്‍ സെയില്‍ എന്ന അംഗരക്ഷകനാണ് ലഹരിക്കേസിലെ സാക്ഷി കിരണ്‍ ഗോസാവിക്കും എന്‍സിബി മുംബൈ സോണല്‍ ഓഫീസര്‍ സമീര്‍ വങ്കഡെക്കുമെതിരെ സത്യവാങ്മൂലം നല്‍കിയത്. ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഒക്ടോബര്‍ 3ന് ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മിലുള്ള സംഭാഷണം കേട്ടു എന്നാണ് പ്രഭാകര്‍ സെയില്‍ പറഞ്ഞത്. ഇരുവരും ആര്യനെതിരായ കേസ് ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞ് ഷാരൂഖില്‍ നിന്ന് പണം തട്ടാന്‍ പദ്ധതിയിട്ടു എന്നാണ് സെയിലിന്‍റെ ആരോപണം.
"നിങ്ങള്‍ 25 കോടിയുടെ ബോംബിട്ടു. നമുക്കിത് 18 കോടിയില്‍ ഒതുക്കിത്തീര്‍ക്കാം. 8 കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കാം"- എന്നാണ് ഗോസാവിയും സാം ഡിസൂസയും സംസാരിക്കുന്നതിനിടെ പറഞ്ഞതെന്ന് പ്രഭാകര്‍ സെയില്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സമീര്‍ വാങ്കഡെ പ്രതികരിച്ചു. അങ്ങനെ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ഈ കേസില്‍ ആരെങ്കിലും ജയിലില്‍ അടയ്ക്കപ്പെടുമായിരുന്നോ എന്നാണ് വാങ്കഡെയുടെ ചോദ്യം. എന്‍സിബിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ മാത്രമാണ് ഈ ആരോപണങ്ങള്‍. ഓഫീസിൽ സിസിടിവി ക്യാമറകളുണ്ട്. ആരോപിക്കുന്നതുപോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും വാങ്കഡെ പറഞ്ഞു.
താന്‍ റെയ്ഡ് നടക്കുമ്പോള്‍ കപ്പലില്‍ ഇല്ലായിരുന്നുവെന്നും ലഹരി മരുന്ന് പിടികൂടിയോ എന്ന് അറിയില്ലെന്നും പ്രഭാകര്‍ സെയില്‍ പറഞ്ഞു. സമീര്‍ വാങ്കഡെ തന്നെക്കൊണ്ട് 10 വെള്ള പേപ്പറില്‍ ഒപ്പിടുവിച്ചെന്നും ലഹരിക്കേസിലെ സാക്ഷിപ്പട്ടികയിലുള്ള പ്രഭാകര്‍ സെയില്‍ ആരോപിച്ചു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണമുണ്ടാകും. വകുപ്പു തല അന്വേഷണത്തിനും നിര്‍ദേശമുണ്ട്.
ആരാണ് ഗോസാവി?
ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ ആര്യന്‍ ഖാനുമൊത്തുള്ള ഒരു അജ്ഞാതന്‍റെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്‍.സി.ബി ഓഫീസിലേക്ക് ആര്യനെ കയ്യില്‍ പിടിച്ചുകൊണ്ടുവന്നത് ഇയാളാണ്. എങ്ങനെയാണ് എന്‍.സി.ബിയുടെ റെയ്ഡില്‍ പുറത്തുനിന്നുള്ള ഒരാള്‍ ഉള്‍പ്പെട്ടതെന്ന് ചോദ്യമുയര്‍ന്നു. കെ പി ഗോസാവിയെന്നാണ് ഇയാളുടെ പേരെന്ന് പിന്നീട് വ്യക്തമായി.
ഗോസാവി വലിയൊരു തട്ടിപ്പുകാരനാണെന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നുമുള്ള മുന്നറിയിപ്പുമായി പുനെ പൊലീസ് രംഗത്തെത്തി. മുംബൈ, താനെ, പുനെ എന്നിവിടങ്ങളിലായി ഗോസാവിക്കെതിരെ നാലു വഞ്ചനാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുകയുണ്ടായി. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്താണ് ഗോസാവി ആളുകളെ കബളിപ്പിച്ചത്. വിദേശത്ത് ജോലി ശരിയാക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ഒരു പരാതിക്കാരനില്‍ നിന്നും മൂന്നു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ജോലി കിട്ടാത്ത സാഹചര്യത്തില്‍ പരാതിക്കാരന്‍ പുനെ പൊലീസിനെ സമീപിക്കുകയും ഗോസാവിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സോഷ്യല്‍മീഡിയ വഴിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 2018ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്നും ആ സമയത്ത് ഗോസാവി ഒളിവിലായിരുന്നുവെന്നും ഫരസ്ഖാന പൊലീസ് സ്റ്റേഷനിലെ സീനിയർ പി.ഐ രാജ്ന്ദ്ര ലാൻഡ്ജ് പറഞ്ഞു.