കാറിടിച്ചത് ചോദ്യം ചെയ്ത യുവാവ് ബോണറ്റിൽ; ഒരു കി.മീറ്ററോളം നിർത്താതെ വാഹനമോടിച്ച് യുവതി- വീഡിയോ

ബോണറ്റിന് മുകളിലായ യുവാവിനെയും കൊണ്ട് യുവതി കാറോടിച്ചു പോവുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Update: 2023-01-20 15:02 GMT
Advertising

ബെം​ഗളൂരു: കാറിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ ബോണറ്റിന് മുകളിലാക്കി നിർത്താതെ വാഹനമോടിച്ച് യുവതി. റോഡിലെ ഇരുചക്ര വാഹന യാത്രികരടക്കമുള്ളവർ ഒപ്പമെത്തി ചോദ്യം ചെയ്തെങ്കിലും യുവതി കാർ നിർത്താൻ തയാറായില്ല. ഒരു കിലോമീറ്ററോളമാണ് യുവതി യുവാവിനെയും ബോണറ്റിൽ വച്ച് കാറോടിച്ചത്.

ബെം​ഗളൂരുവിലെ ജ്ഞാന ഭാരതി ന​ഗറിലാണ് സംഭവം. ഇവിടുത്തെ ഉള്ളാള മെയിൻ റോഡിൽ യുവാവിന്റെ കാറിനെ യുവതിയുടെ കാർ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കൂട്ടിമുട്ടിയതാണ് ഇത്തരമൊരു സംഭവത്തിൽ കലാശിച്ചത്.

ബോണറ്റിന് മുകളിലായ യുവാവിനെയും കൊണ്ട് യുവതി കാറോടിച്ചു പോവുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിരവധി വാഹനങ്ങളുള്ള തിരക്കേറിയ റോഡിലായിരുന്നു സംഭവം. യുവാവ് മറ്റേതെങ്കിലും വാഹനത്തിനടിയിലേക്ക് വീഴാത്തത് വൻ ദുരന്തമൊഴിവാക്കി.

സംഭവത്തിൽ, കാറോടിച്ച പ്രിയങ്കയെന്ന യുവതിക്കെതിരെയും അവരുടെ എതിർ പരാതിയിൽ യുവാവിനും മറ്റ് രണ്ട് പേർക്കുമെതിരെയും പൊലീസ് കേസെടുത്തു. യുവതിക്കെതിരെ ഐ.പി.സി 307 (വധശ്രമം) പ്രകാരവും ബോണറ്റിന് മുകളിലായ ദർശൻ, സുഹൃത്തുക്കളായ സുജൻ, വിനയ് എന്നിവർക്കെതിരെ ഐ.പി.സി 354 (സ്ത്രീകൾക്കെതിരായ ആക്രമണം) എന്ന വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.

പ്രിയങ്കയുടെ ടാറ്റാ നിക്സോൺ കാർ യുവാവിന്റെ സ്വിഫ്റ്റിൽ ഇടിച്ചു. ഇതേ തുടർന്ന് പ്രിയങ്കയും ദർശനും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ദർശൻ പുറത്തേക്ക് ഇറങ്ങിയെങ്കിലും പ്രിയങ്ക കാറിൽ തന്നെയിരുന്നു. തർക്കത്തിനിടെ പ്രിയങ്ക ദർശനെ കാർ മുന്നോട്ടെടുത്ത് ഇടിക്കുകയും ഇതോടെ ബോണറ്റിന് മുകളിലായ യുവാവിനെയും കൊണ്ട് കാർ ഓടിച്ചു പോവുകയുമായിരുന്നു.

കഴിഞ്ഞദിവസം ബെം​ഗളൂരുവിൽ 71കാരനെ യുവാവ് സ്കൂട്ടറിൽ വലിച്ചിഴച്ചിരുന്നു. ബെംഗളൂരുവിലെ തിരക്കേറിയ മ​ഗാഡി റോഡിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ 25കാരൻ സാഹിൽ പിടിയിലായിരുന്നു. തന്റെ കാറിൽ സ്കൂട്ടർ തട്ടിയത് ചോദ്യം ചെയ്തതിനു പിന്നാലെയാണ് മുത്തപ്പയെന്നയാളെ യുവാവ് വലിച്ചിഴച്ചത്.

സാഹിലിന്റെ സ്കൂട്ടർ 71കാരന്റെ ബൊലേറോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇത് ചോദിക്കാൻ മുത്തപ്പ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ സാഹിൽ തന്റെ സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ഈ സമയം, വൃദ്ധൻ സ്‌കൂട്ടറിൽ കയറിപ്പിടിച്ചു. ഇതോടെ സാഹിൽ വാഹനവുമായി വേ​ഗത്തിൽ പോവുകയും പിറകിൽ മുത്തപ്പയെ വലിച്ചിഴയ്ക്കുകയുമായിരുന്നു.

500 മീറ്ററോളമാണ് വലിച്ചിഴച്ചത്. ഒടുവിൽ ഇത് കണ്ട ഒരു ഓട്ടോറിക്ഷാ ഡ്രൈവർ വാഹനം മുന്നിലേക്ക് നിർത്തി തടഞ്ഞതോടെയാണ് ഇയാൾ സ്കൂട്ടർ നിർത്തിയത്. സംഭവത്തിനു പിന്നാലെ അറസ്റ്റ് ചെയ്ത സാഹിലിനെ ​ഗോവിന്ദരാജ് ന​ഗർ പൊലീസിന് കൈമാറി.

കഴിഞ്ഞ വ്യാഴാഴ്ച ഡൽഹി രജൗരി ഗാർഡൻ ഏരിയയിൽ ഒരാളെ കാറിന്റെ ബോണറ്റിൽ വലിച്ചിഴച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ പിന്നീട് വൈറലായി. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ഭോപുരയിൽ താമസിക്കുന്ന ഇഷാന്ത് (19) ആയിരുന്നു പ്രതി.

പുതുവത്സര ദിന രാത്രി കാറിടിച്ചു വീഴ്ത്തിയതിനു പിന്നാലെ ചക്രത്തിനടിയിൽ കുടുങ്ങിയ 20കാരിയെ 13 കിലോമീറ്ററോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ ഡൽഹിയിലെ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. ഇതിന് ആഴ്ചകൾക്ക് ശേഷമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News