'പരാതി നല്‍കിയത് ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദം കാരണം': മുസ്‍ലിം സഹോദരങ്ങള്‍ക്കെതിരായ മതപരിവര്‍ത്തന പരാതി പിന്‍വലിച്ച് യുവതി
ബലാത്സംഗം, വഞ്ചന, നിര്‍ബന്ധിത മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങളാണ് സഹോദരങ്ങള്‍ക്കെതിരെ ചുമത്തിയിരുന്നത്. പരാതിക്ക് പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്തു
ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ രണ്ട് മുസ്‍ലിം സഹോദരങ്ങള്‍ക്കെതിരെ നല്‍കിയ പരാതി യുവതി പിന്‍വലിച്ചു. യുവതിയുടെ പരാതി പ്രകാരം ബലാത്സംഗം, വഞ്ചന, മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങളാണ് സഹോദരങ്ങള്‍ക്കെതിരെ ചുമത്തിയിരുന്നത്. ചില ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദം കാരണമാണ് താന്‍ പരാതി നല്‍കിയതെന്ന് യുവതി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. പൊലീസിനെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.
അയൽവാസിയായ യുവാവ് മതംമാറാനായി നിർബന്ധിച്ച ശേഷം തന്നെ വിവാഹം ചെയ്തെന്നാണ് 24കാരിയായ സിഖ് യുവതി നേരത്തെ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞത്. വിവാഹം ചെയ്യാന്‍ മുസ്‍ലിം യുവതിയാണെന്ന് തെളിയിക്കാന്‍ യുവാവ് വ്യാജ രേഖകൾ തയ്യാറാക്കിയെന്നും പരാതിയില്‍ ആരോപിക്കുകയുണ്ടായി. പരാതിക്ക് പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. യുവാവിന്റെ സഹോദരൻ ഒളിവിലാണ്.
മെയ് മാസത്തിലാണ് യുവാവുമായുള്ള വിവാഹം കഴിഞ്ഞതെന്നാണ് യുവതി പരാതിയില്‍ പറഞ്ഞത്. യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും കടം വാങ്ങിയ അഞ്ച് ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നും ആരോപിച്ച് ഞായറാഴ്ചയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. ഈ മാസം ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. എതിർത്തപ്പോൾ സഹോദരങ്ങള്‍ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും യുവതി ആരോപിക്കുകയുണ്ടായി. തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
എന്നാല്‍ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ യുവതി സഹോദരങ്ങള്‍ക്കെതിരെ ഉന്നയിച്ച എല്ലാ ആരോപങ്ങളില്‍ നിന്നും പിന്മാറി. യുവാവ് തന്നെ വിവാഹം ചെയ്തിട്ടില്ല. ചില ഹിന്ദുത്വ സംഘടനകളുടെ സമ്മർദത്തെ തുടർന്നാണ് പരാതി നൽകിയതെന്നും യുവതി വ്യക്തമാക്കി. എന്നാല്‍ സംഘടന ഏതാണെന്ന് യുവതി വെളിപ്പെടുത്തിയില്ല. യുവാവ് മർദ്ദിക്കുകയോ പണം തട്ടുകയോ ചെയ്തിട്ടില്ലെന്നും യുവതി പറഞ്ഞു. ഈ സാഹചര്യത്തില്‍ യുവാവിനെ മോചിപ്പിക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചേക്കും.
അതേസമയം പരാതിക്കൊപ്പം യുവതി വിവാഹം സംബന്ധിച്ച ചില രേഖകൾ ഹാജരാക്കിയിരുന്നുവെന്ന് എഎസ്പി അര്‍പിത് വിജയ്‍വര്‍ഗിയ പറഞ്ഞു. ഈ രേഖകളുടെ ആധികാരികത പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും എഎസ്പി അറിയിച്ചു.