ഭർത്താവ് കുർകുറെ വാങ്ങാൻ മറന്നു; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
കല്യാണം കഴിഞ്ഞുള്ള ആദ്യ മാസങ്ങളിൽ പ്രശ്നമുണ്ടായിരുന്നില്ല. എല്ലാ ദിവസവും അഞ്ച് രൂപയുടെ കുർകുറെ വാങ്ങി തരണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
ലഖ്നൗ: ഭർത്താവ് കുർകുറെ വാങ്ങി നൽകാൻ മറന്നതിനെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തര്‍പ്രദേശ് ആഗ്ര സ്വദേശിനിയായ യുവതിയാണ് വിവാഹമോചന അപേക്ഷ നൽകിയത്. അഞ്ച് രൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങിത്തരണമെന്ന് യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ദിവസം ഇത് മറന്നതോടെയാണ് കാര്യങ്ങൾ വഷളായത്.
ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കല്യാണം കഴിഞ്ഞുള്ള ആദ്യ മാസങ്ങളിൽ പ്രശ്നമുണ്ടായിരുന്നില്ല. എല്ലാ ദിവസവും അഞ്ച് രൂപയുടെ കുർകുറെ വാങ്ങി തരണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ആദ്യനാളുകളിൽ ജോലി കഴിഞ്ഞെത്തിയ ഭർത്താവ് ഇത് വാങ്ങി നൽകിയിരുന്നു. എന്നാൽ ഒരു ദിവസം ഭർത്താവ് കുർകുറെ വാങ്ങാൻ മറന്ന് പോവുകയായിരുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
രോഷാകുലയായ യുവതിയും ഭർത്താവും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു. ശേഷം ആഗ്രയിലെ ഷാഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ യുവതി തനിക്ക് ഭർത്താവിൽ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, പൊലീസ് ഇരുവരേയും ഫാമിലി കൗൺസിലിങ്ങിന് അയച്ചു. സ്ഥിരമായി കുർകുറെ കഴിക്കുന്ന യുവതിയുടെ ശീലമാണ് തർക്കത്തിന് കാരണമായതെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു.
എന്നാൽ ഭർത്താവിൽ നിന്നും ശാരീരിക പീഡനമുണ്ടായെന്നും അതിനാലാണ് വീടുവിട്ടിറങ്ങിയതെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
അടുത്തിടെ, ആഗ്രയിലെ മറ്റൊരു യുവതിയും സമാനമായി വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. തന്റെ പ്രിയപ്പെട്ട ഭക്ഷണമായ മോമോസ് കൊണ്ടുവരാൻ ഭർത്താവ് മറന്നതോടെയാണ് ഇവർ വിവാഹമോചന ഭീഷണി മുഴക്കിയത്. ഭർത്താവിനോട് ദേഷ്യപ്പെട്ട യുവതി മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയും പരാതി നൽകുകയുമായിരുന്നു.
പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മോമോസ് കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ ഇതിൽ ഭർത്താവ് അസ്വസ്ഥനായിരുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. പ്രശ്‌നം പരിഹരിക്കാൻ ഇടപെട്ട കുടുംബ കോടതി, ഭാര്യക്ക് ആഴ്ചയിൽ രണ്ടു തവണയെങ്കിലും മോമോസ് വാങ്ങിനൽകണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടു. അദ്ദേഹം അത് സമ്മതിച്ചതോടെ പ്രശ്നത്തിന് അവസാനമായി.