'കോളജിലേക്ക് കീറിയ ജീൻസ് ധരിക്കില്ല': വിദ്യാർഥികളിൽ നിന്ന് രേഖാമൂലം എഴുതി വാങ്ങി അധികൃതര്‍
അപമര്യാദയായി വസ്ത്രം ധരിച്ച് കോളേജിൽ വരാൻ ആരെയും അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പല്‍
കൊൽക്കത്ത: കീറിയ ജീൻസ് ധരിക്കില്ലെന്ന് വിദ്യാർഥികളിൽ നിന്ന് രേഖാമൂലം എഴുതിവാങ്ങി കൊൽക്കത്ത ആചാര്യ ജഗദീഷ് ചന്ദ്രബോസ് കോളേജ്. ബിരുദ വിദ്യാർഥികളോടാണ് പ്രവേശനത്തിന് മുമ്പ് കോളേജിനുള്ളിൽ കീറിയ ജീൻസ് പോലുള്ള വസ്ത്രം ധരിക്കില്ലെന്ന് ഉറപ്പ് എഴുതിവാങ്ങിയത്. വിദ്യാർഥികളുടെ രക്ഷിതാക്കളോടും ഇക്കാര്യത്തിൽ ഉറപ്പ് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കോളേജ് വെബ്സൈറ്റിലും ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ ഒന്നാം സെമന്റർ ക്ലാസുകൾ 07.08.2023 മുതൽ ആരംഭിക്കും.കീറിയ ജീൻസ് കർശനമായി നിരോധിച്ചിരിക്കുന്നു.ഔപചാരിക വസ്ത്രങ്ങൾ മാത്രമേ അനുവദിക്കൂ എന്നാണ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അറിയിപ്പ്.
'ആചാര്യ ജഗദീഷ് ചന്ദ്രബോസ് കോളേജിൽ പ്രവേശനം നേടിയ ശേഷം, കീറിയ ജീൻസുകളോ ഏതെങ്കിലും തരത്തിലുള്ള മര്യാദയില്ലാത്ത വസ്ത്രങ്ങളോ ധരിച്ച് ഞാൻ ഒരിക്കലും കോളേജിനുള്ളിൽ പ്രവേശിക്കില്ല. എന്റെ പഠന കാലയളവിൽ മുഴുവൻ കോളേജ് പരിസരത്തും ഞാൻ സാധാരണ സിവിൽ വസ്ത്രങ്ങൾ ധരിക്കുമെന്ന് ഞാൻ ഇതിനാൽ ഉറപ്പു നൽകുന്നു.' എന്നാണ് വിദ്യാർഥികൾ രേഖാമൂലം എഴുതി നൽകേണ്ടത്.
കഴിഞ്ഞ വർഷവും വിദ്യാർഥികൾക്ക് സമാനമായ ഉപദേശം നൽകിയിരുന്നെന്നും എന്നാൽ ഇത് അവഗണിച്ച് ചില വിദ്യാർഥികൾ കീറിയ ജീൻസ് ധരിച്ച് കോളേജിലേക്ക് വന്നെന്നും പ്രിൻസിപ്പൽ പൂർണ ചന്ദ്ര മൈതി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. 'വിദ്യാർഥികൾ അത്തരം വസ്ത്രം ധരിച്ച് കാമ്പസിലേക്ക് വരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത്തരത്തിൽ അപമര്യാദയായി വസ്ത്രം ധരിച്ച് കോളേജിൽ വരാൻ ഞാൻ ആരെയും അനുവദിക്കില്ല. അതുകൊണ്ടാണ് ഈ വർഷം കോളേജിൽ അഡ്മിഷൻ എടുക്കുന്നവർക്ക് കർശനമായ ഉപദേശം നൽകാൻ ഞങ്ങൾ തീരുമാനിച്ചത്.കൂടാതെ, അഡ്മിഷൻ എടുക്കുന്നതിന് മുമ്പ് അത്തരം വസ്ത്രങ്ങൾ ധരിക്കില്ലെന്ന് രേഖാമൂലം നൽകേണ്ടിവരും. കോളേജിന് പുറത്ത് അത്തരം വസ്ത്രങ്ങൾ ധരിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്'..പ്രിൻസിപ്പൽ പറഞ്ഞു.
കാമ്പസിന് അകത്തു കടന്നാൽ അവർ അച്ചടക്കവും നിയമങ്ങളും പാലിക്കണം. കോളേജ് അധികൃതർ നിശ്ചയിച്ച മാനദണ്ഡങ്ങൾ അവർ പാലിക്കണമെന്നുംപൂർണ ചന്ദ്ര മൈതി പറഞ്ഞു.