ബ്രിജ് ഭൂഷണെതിരായ ലൈംഗിക ആരോപണം ഗുരുതരമെന്ന് സുപ്രിം കോടതി
ഡൽഹി പൊലീസിന് കോടതി നോട്ടീസ് അയച്ചു
ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ ലൈംഗിക ആരോപണം ഗുരുതരമെന്ന് സുപ്രിം കോടതി. ഡൽഹി പൊലീസിന് കോടതി നോട്ടീസ് അയച്ചു .
"അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഗുസ്തി താരങ്ങൾ തങ്ങൾക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഹരജിയിൽ ഉന്നയിച്ചിരിക്കുന്നത്'' സുപ്രിം കോടതി പറഞ്ഞു. പരാതിയുടെ പകർപ്പും മറ്റ് രേഖകളും ഗുസ്തി താരങ്ങൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ സമർപ്പിച്ചു . പരാതിക്കാരുടെ പേരുകൾ രഹസ്യമായിരിക്കണമെന്നും കേസെടുക്കാത്തതിന് പൊലീസുകാർക്കെതിരെ നടപടി വേണമെന്നും കപിൽ ആവശ്യപ്പെട്ടു . ഏപ്രില്‍ 28ന് കേസില്‍ വാദം കേള്‍ക്കും. ലൈംഗികാതിക്രമ ആരോപണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെന്ന് ആരോപിച്ച് ഏഴ് വനിതാ ഗുസ്തി താരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
അതേസമയം രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടി ഡൽഹി ജന്തർ മന്തറിൽ തുടരുന്ന രാപ്പകൽ സമരം ശക്തമാക്കി ഗുസ്തി താരങ്ങൾ . ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരെ ഉന്നയിച്ച ലൈംഗിക പരാതികളിൽ പൊലീസ് നടപടി ആവശ്യപ്പെട്ടുള്ള സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡ ഇന്ന് സമര പന്തലിലെത്തും. രാഹുൽ ഗാന്ധിയും സമര പന്തലിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ദേശീയ മഹിളാ ഫെഡറേഷൻ ഡൽഹി പോലീസ് കമ്മീഷണർക്ക് നിവേദനം നൽകും. ജനുവരിയിൽ നടത്തിയ സമരത്തെ പിന്തുണച്ചെത്തിയവരെ മടക്കി അയച്ചതിൽ താരങ്ങൾ മാപ്പ് പറഞ്ഞിരുന്നു. ഇന്നലെ സായ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശിവ് ശർമ്മ ജന്തർ മന്തറിലെത്തി താരങ്ങളുമായി ചർച്ച നടത്തി.
ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമാണ് ആരോപണം.