തിരിച്ചടിയായത് അമിത ആത്മവിശ്വാസമെന്ന് യോഗി ആദിത്യനാഥ്; അണികൾ അതൃപ്തരെന്ന് തുറന്നുപറഞ്ഞ് ബി.ജെ.പി നേതാക്കൾa

സർക്കാറിന്റെ പ്രവർത്തനരീതി മാറ്റാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി.

Update: 2024-07-16 05:45 GMT
Advertising

ലഖ്‌നോ: പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിയുണ്ടെന്ന് തുറന്നുപറഞ്ഞ് ഉത്തർപ്രദേശിലെ ബി.ജെ.പി നേതാക്കൾ. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പാർട്ടി നേതാക്കൾ അതൃപ്തി പരസ്യമാക്കിയത്. പ്രവർത്തകരുടെ വേദന തന്റെയും വേദനയാണെന്ന് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ പറഞ്ഞു. സർക്കാറിനെക്കാളും മന്ത്രിമാരെക്കാളും വലുത് പാർട്ടിയാണ്. നേതാക്കളും ജനപ്രതിനിധികളും പ്രവർത്തകരെ ബഹുമാനിക്കുകയും അവരുടെ അന്തസിനെ മാനിക്കുകയും വേണമെന്നും മൗര്യ പറഞ്ഞു.

എസ്.പിയും കോൺഗ്രസും ചതിയിലൂടെയാണ് വിജയം നേടിയതെന്ന് കേശവ പ്രസാദ് മൗര്യ ആരോപിച്ചു. 2027ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 300ൽ കൂടുതൽ സീറ്റ് നേടി ബി.ജെ.പി സർക്കാർ യു.പിയിൽ വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രവർത്തകർക്ക് അതൃപ്തിയുണ്ടെന്നും അത് തങ്ങൾ അംഗീകരിക്കുന്നുവെന്നും മൗര്യ യോഗത്തിൽ തുറന്നുപറഞ്ഞു. വലിയ കയ്യടിയോടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ എക്‌സിക്യൂട്ടീവ് അംഗങ്ങൾ സ്വീകരിച്ചത്.

അമിത ആത്മവിശ്വാസമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ വോട്ട് വിഹിതത്തിൽ കാര്യമായ ചോർച്ചയുണ്ടായിട്ടില്ല. സർക്കാറിന്റെ പ്രവർത്തനരീതി മാറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 33 സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 2019ൽ ബി.ജെ.പി 62 സീറ്റുകളിൽ വിജയിച്ചിരുന്നു. കോൺഗ്രസ് ആറ് സീറ്റും എസ്.പി 37 സീറ്റുമാണ് നേടിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News