ഇനി പാസ്‌പോർട്ടിലും ചിപ്പ്! ഇ-പാസ്‌പോർട്ട് വന്നാൽ എന്തു സംഭവിക്കും?

64 കിലോബൈറ്റ് സ്‌റ്റോറേജ് ശേഷിയുള്ള ചിപ്പ് പാസ്‌പോർട്ടിന്റെ പിൻഭാഗത്തായിരിക്കും ഘടിപ്പിക്കുക. 30 അന്താരാഷ്ട്ര യാത്രാവിവരങ്ങൾ ഉൾക്കൊള്ളാവുന്ന ചിപ്പായിരിക്കും ആദ്യഘട്ടത്തിലുണ്ടാകുക

Update: 2022-02-01 12:25 GMT
Editor : Shaheer | By : Web Desk
Advertising

ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ശ്രദ്ധേയമായ പ്രഖ്യാപനമാണ് ഡിജിറ്റൽ പാസ്‌പോർട്ട്. 2022-23 സാമ്പത്തിക വർഷം മുതൽ ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്തുതുടങ്ങുമെന്നാണ് പ്രഖ്യാപനം. രാജ്യത്തെ പൗരന്മാരുടെ സൗകര്യം പരിഗണിച്ചാണ് ഡിജിറ്റൽ പാസ്‌പോർട്ട് നടപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ, സുരക്ഷാ പരിശോധനകൾ കൂടുതൽ എളുപ്പമാക്കുന്നതാകും പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, പാസ്‌പോർട്ടുകളിൽ ചിപ്പ് ഘടിപ്പിച്ചുകൊണ്ടുള്ള പുതിയ സംവിധാനം പൗരന്മാരെ സംബന്ധിച്ചിടത്തോളം എത്രമാത്രം സുരക്ഷിതമാണെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

സ്വകാര്യത ലംഘിക്കപ്പെടുമോ?

ഇ-പാസ്‌പോർട്ടുകളിൽ ഇലക്ട്രോണിക് മൈക്രോപ്രോസസർ ചിപ്പും ഘടിപ്പിച്ചിട്ടുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകളുമായായിരിക്കും ഇതു പുറത്തുവരിക. അപേക്ഷകരുടെ വ്യക്തിവിവരങ്ങളെല്ലാം ഡിജിറ്റൽ ഒപ്പോടെ ഈ ചിപ്പിൽ സൂക്ഷിച്ചിരിക്കും. ഇത് പാസ്‌പോർട്ട് ബുക്‌ലെറ്റിനോടൊപ്പവുമുണ്ടാകും. ഏതെങ്കിലും സാഹചര്യത്തിൽ ചിപ്പ് കേടുവരുത്തിയാൽ പുതിയ സംവിധാനത്തിലൂടെ അത് അറിയാനുമാകും.

പുതിയ ഇ-പാസ്‌പോർട്ടിൽ ബയോമെട്രിക് വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുമെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ അറിയിച്ചിരുന്നു. ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ(ഐസിഎഒ) മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കും ഇത് തയാറാക്കുകയെന്നും ഭട്ടാചാര്യ വ്യക്തമാക്കി.

ഇ-പാസ്‌പോർട്ട് നിർദേശം നേരത്തെ തന്നെ വിദേശകാര്യ മന്ത്രാലയം സർക്കാരിനു മുന്നിൽവച്ചിരുന്നു. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ചിപ്പുകൾ ഘടിപ്പിച്ച 20,000 പാസ്‌പോർട്ടുകൾ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക-നയതന്ത്ര തലങ്ങളിലുള്ളവർക്കായാണ് ഇ-പാസ്‌പോർട്ടുകൾ ഇറക്കിയിട്ടുള്ളത്. ഇത് വിജയകരമായതോടെയാണ് എല്ലാ പൗരന്മാർക്കും ഇതേതരത്തിലുള്ള പാസ്‌പോർട്ട് അവതരിപ്പിക്കാൻ തീരുമാനമായത്.

എങ്ങനെയായിരിക്കും ഇ-പാസ്‌പോർട്ട്?

പരമ്പരാഗത പാസ്‌പോർട്ടുകളുടെ അതേ ആവശ്യത്തിനു തന്നെയായിരിക്കും ഡിജിറ്റൽ പാസ്‌പോർട്ടുകളും ഉപയോഗിക്കുക. പ്രിന്റ് ചെയ്ത പാസ്‌പോർട്ടിലുള്ള അതേ വിവരങ്ങൾ തന്നെയായിരിക്കും ഇ-പാസ്‌പോർട്ടിലെ ചിപ്പിലുമുണ്ടാകുകയെന്നാണ് കേന്ദ്രവൃത്തങ്ങൾ നൽകുന്ന വിവരം. അപേക്ഷകന്റെ പേര്, ജനനത്തിയതി അടക്കമുള്ള വിവരങ്ങൾ തന്നെയായിരിക്കും ഇതിലുമുണ്ടാകുക.

64 കിലോബൈറ്റ് സ്‌റ്റോറേജ് ശേഷിയുള്ളതായിരിക്കും ഇ-പാസ്‌പോർട്ടിലെ ചിപ്പ്. ദീർഘചതുരാകൃതിയിലുള്ള ആന്റിനയായിരിക്കുമിത്. പാസ്‌പോർട്ടിന്റെ പിൻഭാഗത്തായിരിക്കും ഇത് ഘടിപ്പിച്ചിരിക്കുക.

- 30 അന്താരാഷ്ട്ര യാത്രയുടെ വിവരങ്ങൾ ഉൾക്കൊള്ളാവുന്ന ചിപ്പായിരിക്കും ആദ്യഘട്ടത്തിലുണ്ടാകുക. അടുത്ത ഘട്ടത്തിൽ പാസ്‌പോർട്ട് അപേക്ഷകന്റെ ചിത്രവും വിരലടയാളമടക്കമുള്ള മറ്റ് ബയോമെട്രിക് വിവരങ്ങളും ചേർക്കും.

ഇ-പാസ്‌പോർട്ട് വന്നുകഴിഞ്ഞാൽ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ കൗണ്ടറിനു മുന്നിലുള്ള നീണ്ട വരി ഒഴിവാക്കാനാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്. മിനിറ്റുകൾക്കുള്ളിൽ ഇ-പാസ്‌പോർട്ട് സ്‌കാൻ ചെയ്യാനാകും.

- വ്യാജ പാസ്‌പോർട്ടുകൾ തടയാൻ ഇതുവഴി കഴിയുമെന്നും സർക്കാർ അവകാശപ്പെടുന്നു.

- മഹാരാഷ്ട്രയിലെ നാഷിക്കിലുള്ള ഇന്ത്യ സെക്യൂരിറ്റി പ്രസ് ആകും പുതിയ പാസ്‌പോർട്ട് തയാറാക്കുക.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News