തമിഴ്നാട്ടിൽ ബിഹാർ തൊഴിലാളികൾ ആക്രമിക്കപ്പെട്ടെന്ന് വ്യാജ വീഡിയോ; യൂട്യൂബർ അറസ്റ്റിൽ
ബിഹാറിലും തമിഴ്‌നാട്ടിലുമടക്കം രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്
പാട്‌ന: തമിഴ്‌നാട്ടിൽ ബിഹാർ സ്വദേശികളായ തൊഴിലാളികൾ ആക്രമിക്കപ്പെട്ടെന്ന് കാണിക്കുന്ന വ്യാജ വീഡിയോ തയ്യാറാക്കിയ യൂട്യൂബർ അറസ്റ്റിൽ. ബിഹാർ സ്വദേശി മനീഷ് കശ്യപ് എന്ന യൂട്യൂബറാണ് പിടിയിലായിരിക്കുന്നത്. ബിഹാറിലും തമിഴ്‌നാട്ടിലുമടക്കം രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്. തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന ബിഹാർ നിവാസികളെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ പ്രചരിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
ഈ കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ ബേട്ടിയയിലെ ജഗദീഷ്പൂർ പൊലീസാണ് കശ്യപിനെ അറസ്റ്റ് ചെയ്തത്. ബിഹാർ പൊലീസും സാമ്പത്തിക കുറ്റകൃത്യങ്ങളുടെ യൂണിറ്റും കശ്യപിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ വീട്ടിലെത്തിയപ്പോഴാണ് ഇയാൾ കീഴടങ്ങിയത്.
തമിഴ്നാട്ടിൽ അതിഥിതൊഴിലാളികളെ കൊല്ലുകയും മർദിക്കുകയും ചെയ്യുന്നതിന്റെ വ്യാജ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് മനീഷ് കശ്യപിനും മറ്റുള്ളവർക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ വീഡിയോ നിർമിച്ചതിന് യുവരാജ് സിംഗ് രാജ്പുത്ത് എന്നൊരാൾ നേരത്തെ അറസ്റ്റിലായിരുന്നു. നേരത്തെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മനീഷിന്റെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിരുന്നു. ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ചതിനും പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.