ടിക്കായത്തിന് കീഴിൽ ഒന്നിച്ചുള്ള പ്രക്ഷോഭത്തിനൊരുങ്ങി ദക്ഷിണേന്ത്യൻ കർഷകരും

''ദക്ഷിണേന്ത്യയിലെ മുഴുവൻ കർഷകരെയും ഈ സമരത്തിലേക്ക് ഒന്നിച്ചുകൂട്ടാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്''; കർണാടക ഫാർമേഴ്‌സ് അസോസിയേഷൻ അധ്യക്ഷൻ നാഗേന്ദ്ര.

Update: 2021-02-11 06:38 GMT
Advertising

ആഴ്ചകൾ പിന്നിടുന്ന ഡൽഹി അതിർത്തിയിലെ കർഷക സമരത്തിന് ശക്തമായ പിന്തുണ നൽകാൻ ദക്ഷിണേന്ത്യൻ കർഷകരും കൈകോർക്കുന്നു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിനെ മുൻനിർത്തി സമരപരിപാടികൾക്ക് തുടക്കമിടാൻ കർണാടകയിലെ കർഷക സംഘടനകൾക്കിടയിൽ നീക്കം തുടങ്ങി. ബംഗളൂരുവിൽ നടക്കാനിരിക്കുന്ന കൂറ്റൻ റാലിയിലേക്ക് ടിക്കായത്തിനെ ക്ഷണിക്കുവാനുള്ള ശ്രമം ആരംഭിച്ചുവെന്ന് കർണാടക ഫാർമേഴ്‌സ് അസോസിയേഷൻ ആൻഡ് ഗ്രീൻ ആർമി അധ്യക്ഷൻ നാഗേന്ദ്ര പറഞ്ഞു.

''ദക്ഷിണേന്ത്യയിലെ മുഴുവൻ കർഷകരെയും ഈ സമരത്തിലേക്ക് ഒന്നിച്ചുകൂട്ടാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങളും, അതുപോലെത്തന്നെ കർഷക സമൂഹം നേരിടുന്ന മറ്റ് പ്രതിസന്ധികളും പരിഹരിക്കപ്പെടേണ്ടതുണ്ട്. '' നാഗേന്ദ്ര പറഞ്ഞു. കർണാടകയിലെ ബി.ജെ.പി സർക്കാർ നടപ്പിലാക്കിയ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെതിരെ കൂടിയുള്ളത് തങ്ങളുടെ റാലി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 21 വർഷത്തിനിടയിൽ നേരിട്ട പതിമൂന്ന് വരൾച്ചയും, രണ്ട് വെള്ളപ്പൊക്കവും കനത്ത വെല്ലുവിളികളാണ് കർണാടകയിലെ കാർഷിക മേഖലക്ക് നൽകിയത്. ഇതിനെ മുൻനിർത്തി രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടപരിഹാരം കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യപ്പെടുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. ''ഒന്നിച്ചുള്ള പോരാട്ടം'' എന്ന ആശയത്തിന് കീഴിൽ ഏകദേശം അമ്പതോളം കർഷക സംഘടനകളാണ് കർണാടകയിൽ രംഗത്ത് വന്നിരിക്കുന്നത്. കർഷകർ ദേശീയതലത്തിൽ ചക്ക ജാമിന് ആഹ്വാനം നൽകിയ ഫെബ്രുവരി ആറാം തീയതി കർണാടകയിലെ ഹൈവേകൾ, ഈ സംഘടനകളുടെ കീഴിൽ പൂർണ്ണമായും നിശ്ചലമായിരുന്നു.

Tags:    

Similar News