''ഗവർണർ പൂർണമായി ആർ.എസ്.എസ് ശൈലിയിലേക്ക് മാറി''-കെ. മുരളീധരൻ
ഹിജാബ് വിഷയത്തിൽ ഗവർണറുടെ പ്രതികരണം ദൌർഭാഗ്യകരമെന്ന് കെ മുരളീധരൻ എം.പി. യൂണിഫോമിലും ഭരണഘടനാവകാശം ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവർണറുടെ ശൈലി ആർ.എസ്.എസിന്റേതാണെന്ന് മുരളീധരൻ വിമർശിച്ചു.
സെക്കുലർ നിലപാടിൽ നിന്ന് ഗവർണർ വ്യതിചലിച്ചു. കൂടുതൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി ഗവർണർ തരം താഴുകയാണെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ, ഹിജാബ് വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുസ്‌ലിം പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പിന്തള്ളാനാണ് ശ്രമമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇസ്‌ലാംമത വിശ്വാസ പ്രകാരം ഹിജാബ് നിർബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കപ്പെടണം. അത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കലല്ലെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു. സിഖുകാരുടെ വസ്ത്രവുമായുള്ള താരതമ്യങ്ങൾ ശരിയല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ചരിത്രം പരിശോധിക്കുമ്പോള്‍ മുസ്‍ലിം സ്‍ത്രീകൾ ഹിജാബിന് എതിരായിരുന്നുവെന്ന് മനസിലാക്കാമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൗന്ദര്യം മറച്ച് വെക്കില്ലെന്ന് ഒന്നാം തലമുറയിലെ സ്ത്രീകൾ പറഞ്ഞിട്ടുണ്ട്. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണമെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.
Full View
News Summary : '' The governor has completely switched to the RSS style '' - K. Muraleedharan