സമരം ചെയ്യുന്ന ആശാ വർക്കർമാരിൽ 20 ശതമാനവും ദലിത് സ്ത്രീകൾ, മിക്കവർക്കും ഭീമമായ കടങ്ങൾ; സർവേയുമായി ജെ. ദേവിക

സമരത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ പ്രായം, സാമൂഹ്യവിഭാഗം, വിവാഹം, ഭർത്താവിന്റെ തൊഴിൽ, വീടുടമസ്ഥത, കടം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിച്ചത്

Update: 2025-03-23 06:58 GMT
Editor : സനു ഹദീബ | By : Web Desk
സമരം ചെയ്യുന്ന ആശാ വർക്കർമാരിൽ 20 ശതമാനവും ദലിത് സ്ത്രീകൾ, മിക്കവർക്കും ഭീമമായ കടങ്ങൾ; സർവേയുമായി ജെ. ദേവിക
AddThis Website Tools
Advertising

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ 20 ശതമാനവും ദളിത് സ്ത്രീകളെന്ന് സർവേ. അധ്യാപികയും എഴുത്തുകാരിയുമായ ജെ.ദേവികയാണ് സർവേ നടത്തിയത്. സമരക്കാരിൽ ക്രമരഹിതമായി തെരെഞ്ഞടുത്ത 50 പേരിൽ നിന്നാണ് ജെ ദേവിക അടിസ്ഥാന വിവരങ്ങൾ ശേഖരിച്ചത്. സമരത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ പ്രായം, സാമൂഹ്യവിഭാഗം, വിവാഹം, ഭർത്താവിന്റെ തൊഴിൽ, വീടുടമസ്ഥത, കടം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിച്ചത്.

50 പേരിൽ 36 പേരും ദളിത് ബഹുജൻ സ്ത്രീകളാണെന്ന് ജെ. ദേവിക സാമൂഹ്യമാധ്യമായ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. 26 ഒ.ബി.സി, 10 എസ് സി, 14 പേർ ജനറൽ കാറ്റഗറി എന്നിങ്ങനെയാണത്. ഭൂരിഭാഗവും 40-60 വയസ്സു വരെ പ്രായമുള്ളവരാണെന്ന് ജെ ദേവിക പറയുന്നു. 40-50 വയസ്സുള്ളവർ 20 പേർ, 50-60 വയസ്സുകാർ 20. അറുപതു വയസ്സിനു മുകളിൽ 2 പേർ മാത്രം. അപ്രകാരം, സമരം ചെയ്യുന്ന ആശാ വർക്കർമാർ 20 ശതമാനവും ദളിത് സ്ത്രീകളാണ്. ഇത്ര കുറഞ്ഞ വേതനത്തിനു ജോലി ചെയ്യാൻ കേരളത്തിലെ ഏറ്റവും മർദ്ദിതരെ തയ്യാറാകൂവെന്നും ജെ ദേവിക ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

ഈ 50 പേരിൽ 35 പേര് ഭർത്താവുള്ളവരാണ്. ബാക്കി 15 പേർ വിധവകളോ ഉപേക്ഷിക്കപ്പെട്ടവരോ സ്വയം മാറിപ്പോന്നവരോ ആണ്. ആ 35 പേരുടെ ഭർത്താക്കന്മാരിൽ 22 പേർക്ക് അദ്ധ്വാനിക്കാൻ വയ്യാത്തത്ര ആരോഗ്യപ്രശ്നങ്ങളുണ്ട്. ഈ അമ്പതു പേരിൽ സ്വന്തമായി വീടില്ലാതെ, വാടകയ്ക്കോ ബന്ധുവീടുകളിലോ താമസിക്കുന്നവർ 22 പേരുണ്ട്. വീടുള്ള 28 പേരിൽ മിക്കവരും ജപ്തി പോലുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച വലിയ ഭീഷണിയെ നേരിടുന്നു.

മിക്കവരും ഭീമമായ തുകകൾ കടങ്ങൾ ഉള്ളവരുമാണ്. മക്കളുടെ വിവാഹം, വീടുപണി, മെഡിക്കൽ ചെലവുകൾ, കുട്ടികളുടെ പഠനം എന്നിവക്കായി വൻ കടങ്ങൾ എടുത്തവരാണ്. ജനറൽ കാറ്റഗറി വിഭാഗക്കാർ പോലും ഉള്ള ചെറുസ്വത്തുക്കൾ പോലും നഷ്ടപ്പെടുന്നതിന്റെ വക്കിലാൽ നിന്നുകൊണ്ടാണ് സമരം ചെയ്യുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ആശമാരെ നിരന്തരം വിമർശിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവും പോസ്റ്റിൽ ഉന്നയിക്കുന്നുണ്ട്.

Full View

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇന്ന് സമരസ്ഥലത്തുണ്ടായിരുന്ന സമരക്കാരിൽ ക്രമരഹിതമായി തെരെഞ്ഞടുത്ത 50 പേരിൽ നിന്ന് അടിസ്ഥാന വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞു. മറ്റു മനുഷ്യരുടെ വേദനയെ തെല്ലും തിരിച്ചറിയാനാവാത്ത ആരോഗ്യമന്ത്രി, ഏബ്ളിസ്റ്റ് വൃത്തികേട് വിളിച്ചുപറയാൻ ഉളുപ്പ് തീരെയില്ലാത്ത ഉന്നതവിദ്യാഭ്യാസമന്ത്രി എന്നീ രാജകുമാരിമാർ മുതൽ വിഡ്ഢിത്തം, കളവ് ഇവയെ നീട്ടീയും കുറുക്കിയും വറുത്തും വേവിച്ചും പല രൂപത്തിൽ വിളമ്പാൻ ഓടിനടക്കുന്ന കുശിനിക്കാർ വരെയും പറഞ്ഞുപരത്തിക്കൊണ്ടിരിക്കുന്ന അസത്യങ്ങളെ സമരസ്ഥലത്തെ അവസ്ഥകളുടെ വെളിച്ചത്തിൽ പരിശോധിക്കാൻ കഴിഞ്ഞു. നാലു ജില്ലകളിൽ നിന്നും ആശാമാർ ഇന്നവിടെ ഉണ്ടായിരുന്നു.

വളരെ ചുരുങ്ങിയ സമയം കൊണ്ട്, കുറച്ചുമാത്രം വിവരങ്ങളാണ് ശേഖരിച്ചത്.

പ്രായം, സാമൂഹ്യവിഭാഗം, വിവാഹം, ഭർത്താവിന്റെ തൊഴിൽ, വീടുടമസ്ഥത, കടം എന്നിവയെക്കുറിച്ചാണ് ചോദിച്ചത്. ആഴത്തിലൊന്നും പോയില്ല, പക്ഷേ വളരെ ചിന്തിപ്പിക്കുന്ന വിവരങ്ങളാണ് കിട്ടിയത്.

ഈ 50 പേരിൽ 35 പേര് ഭർത്താവുള്ളവരാണ്. ബാക്കി 15 പേർ വിധവകളോ ഉപേക്ഷിക്കപ്പെട്ടവരോ സ്വയം മാറിപ്പോന്നവരോ ആണ്. ആ 35 പേരുടെ ഭർത്താക്കന്മാരിൽ 22 പേർക്ക് അദ്ധ്വാനിക്കാൻ വയ്യാത്തത്ര ആരോഗ്യപ്രശ്നങ്ങളുണ്ട്. ഭൂരിഭാഗവും 40-60 വയസ്സു വരെ പ്രായമുള്ളവരാണ്. 40-50 വയസ്സുള്ളവർ 20 പേർ, 50-60 വയസ്സുകാർ 20. അറുപതു വയസ്സിനു മുകളിൽ 2 പേർ മാത്രം.

ശരിക്കും ഞാൻ ഇതു കണ്ടപ്പോൾ ഓർത്തത് മറ്റൊന്നാണ്. നാല്പതുകളുടെ അവസാനം, അമ്പതുകളുടെ തുടക്കം -- പൊതുവെ മെനപ്പോസ് നടക്കുന്ന പ്രായം, എത്ര വിഷമകരമാണതെന്ന് അതു കടന്നവർക്കറിയാം. ശരീരവും മനസും ഒരുപോലെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രായം. ആ പെടച്ചിലിനും പാച്ചിവിനും ഇടയിലാണ് ഇവർക്ക് ഇങ്ങനെ സമരം ചെയ്യേണ്ടിവരുന്നത്. വീണാ ജോർജിനെപ്പോലെ ഇത്ര മനുഷ്യപ്പറ്റില്ലാത്ത, മറ്റു സ്ത്രീകളെ തെല്ലുമേ മനസ്സിലാക്കാൻ ശേഷിയില്ലാത്ത ഒരു അധികാരി വേറെയില്ലെന്ന് തോന്നിപ്പോയി, വീണ്ടും.

ഈ അമ്പതു പേരിൽ സ്വന്തമായി വീടില്ലാതെ, വാടകയ്ക്കോ ബന്ധുവീടുകളിലോ താമസിക്കുന്നവർ 22 പേരുണ്ട്. മറ്റ് 28 പേർക്കും വീടുണ്ട്, പക്ഷേ ആ ഉടമസ്ഥാവകാശം വളരെ കാര്യമായ ഭീഷണിയെ നേരിടുന്നു. വീടുള്ള 28 പേരിൽ 17 പേർക്ക് വീട് നഷ്ടപ്പെടാനുള്ള വലിയ സാധ്യതയുണ്ട് -- പലർക്കും ജപ്തിനോട്ടീസ് വന്നിരിക്കുന്നു. സമരം ചെയ്ത് നേടിയിട്ടേ വീട്ടിൽ പോകൂ എന്നിവർ പറയുന്നത് വെറും വീമ്പു പറച്ചിലല്ല. ഈ സമരത്തിലൂടെ വേതനം കൂട്ടിക്കിട്ടിയില്ലെങ്കിൽ, എന്തെങ്കിലും റിട്ടയർമെന്റ് ബെനിഫിറ്റ് കിട്ടിയില്ലെങ്കിൽ, അവർക്ക് മടങ്ങാൻ ഇടം പോലും ഉണ്ടാവില്ല. ഇവരിൽ 50 പേരും കൃത്യമായും അടിസ്ഥാന തൊഴിലാളിവർഗാംഗങ്ങളാണ്. അവരിലെ ജനറൽ കാറ്റഗറി വിഭാഗക്കാർ പോലും ഉള്ള ചെറുസ്വത്തുക്കൾ പോലും നഷ്ടപ്പെടുന്നതിന്റെ വക്കിലാണ്. ആകെയുള്ള 50 പേരിൽ 36 പേർ ദലിത് ബഹുജൻ സ്ത്രീകളാണ് -- 26 ഓബിസി, 10 എസ് സി , 14 ജനറൽ കാറ്റഗറി. ഇതൊക്കെ തെളിവുസഹിതം സ്ഥാപിക്കേണ്ട കാര്യങ്ങളല്ല -- ഇത്ര കുറഞ്ഞ വേതനത്തിനു ജോലി ചെയ്യാൻ കേരളത്തിലെ ഏറ്റവും മർദ്ദിതരെ തയ്യാറാകൂ.

കടത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ശരിക്കും ആശങ്കയുണ്ടാക്കുന്നവ. കടങ്ങളെപ്പറ്റി പറയാൻ ആളുകൾക്ക് പൊതുവെ മടിയാണ്. മാത്രമല്ല, അതെല്ലാം ഓർത്തെടുക്കാനും പ്രയാസമാണ്. അതുകൊണ്ട് ഇവിടെ കാണുന്നതിലും കടത്തിന്റെ പ്രശ്നം രൂക്ഷമായിരിക്കാനാണ് സാധ്യത. ഇന്ന് ചോദിച്ചറിഞ്ഞതിൽ നിന്ന്, 50ൽ 22 പേർക്ക് അഞ്ചുലക്ഷത്തിലധികം കടമുണ്ട്. ദേശസാത്കൃത ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, എംഎഫ്ഐകൾ, കുടുംബശ്രീ തുടങ്ങി കിട്ടാവുന്നിടത്തുനിന്നെല്ലാം ഏറെക്കുറേ 50 പേരും കടമെടുത്തിട്ടുണ്ട്. എട്ടു പേർക്ക് 10 ലക്ഷത്തിലധികം കടമുണ്ട്. 5-10 ലക്ഷം വരെ കടമുള്ളവർ 14 പേർ. കടമെടുത്ത കാരണങ്ങൾ ചോദിച്ചപ്പോൾ കുടുംബ അത്യാവശ്യമെന്നു പറഞ്ഞവർ അധികമായിരുന്നു --22 പേർ. മറ്റു കാരണങ്ങൾ പറഞ്ഞവരും തങ്ങൾ കുടുംബ അത്യാവശ്യത്തിനും മെഡിക്കൽ ആവശ്യങ്ങൾക്കും നിത്യവും കടമെടുക്കുന്നുവെന്ന് പറഞ്ഞു --മക്കളുടെ വിവാഹം, വീടുപണി, മെഡിക്കൽ ചെലവുകൾ, കുട്ടികളുടെ പഠനം മുതലായവയ്ക്കും വൻകടങ്ങൾ എടുത്തവരുണ്ട് ഇവരിൽ.

ഭർത്താവിന്റെ തൊഴിൽപരമായ ആവശ്യങ്ങൾക്കും ഇവർ കടമെടുത്തിട്ടുണ്ട്. അനാമികയും ഞാനും കൂടിചെയ്ത പഠനത്തിൽ കണ്ട അതേ കാര്യങ്ങൾ, അതേ കണ്ണീർ...

പക്ഷേ ഏറ്റവും സങ്കടം, ഭർത്താവ് ഉപേക്ഷിച്ചുപോയ രണ്ടു സ്ത്രീകൾ പറഞ്ഞ കാര്യങ്ങളാണ്. കോറോണക്കാലത്തെ പ്രവർത്തനമാണ് അവരുടെ വിവാഹം ഇല്ലാതാകാനുള്ള സാഹചര്യം ഉണ്ടാക്കിയത്. ഒരാളുടെ ഭർത്താവിന് അവർ ആ സമയത്ത് പുറത്തുപോകുന്നതിഷ്ടമായില്ല. മറ്റൊരാൾക്ക് ഭാര്യക്കു വരുന്ന ഫോൺകോളുകളെ സംശയം. മറ്റൊരു സ്ത്രീയുടെ ഭർത്താവിനും സമാനമായ നീരസമായിരുന്നു. തിരിച്ചുടൻ വന്നില്ലെങ്കിൽ അവരുടെ തുണി മുഴുവനെടുത്ത് കത്തിച്ചുകളയുമെന്ന് ഭീഷണി ...

അതിനിടയിലാണ് ബിന്ദുടീച്ചറുടെ നട്ടെല്ല് ചർച്ച. പച്ചത്തെറിയാണ് വായിൽ വരുന്നത് . അതുകൊണ്ട് നിർത്തുന്നു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News