എഞ്ചിനീയറിങ് പിജി കോഴ്സുകള്‍ക്ക് പഠിക്കാന്‍ വിദ്യാര്‍ഥികളില്ല

Update: 2017-07-09 19:53 GMT
Editor : Sithara
എഞ്ചിനീയറിങ് പിജി കോഴ്സുകള്‍ക്ക് പഠിക്കാന്‍ വിദ്യാര്‍ഥികളില്ല
Advertising

നിരവധി തവണ സ്പോട് അഡ്മിഷന്‍ നടത്തിയിട്ടും ഇതില്‍ 60 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്

Full View

സംസ്ഥാനത്ത് എഞ്ചിനീയറിങ് പിജി കോഴ്സുകള്‍ക്കും പഠിക്കാന്‍ വിദ്യാര്‍ഥികളില്ല. പ്രവേശ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ 60 ശതമാനം സീറ്റുകളും പകുതിയിലധികം മെറിറ്റ് സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു. ഒരൊറ്റ വിദ്യാര്‍ഥി പോലും പ്രവേശം നേടാത്ത എഞ്ചിനീയറിങ് കോളജും കൂട്ടത്തിലുണ്ട്.

96 കോളജുകളിലായി 7952 സീറ്റുകളാണ് എംടെക് കോഴ്സുകളിലായി സംസ്ഥാനത്തുള്ളത്. നിരവധി തവണ സ്പോട് അഡ്മിഷന്‍ നടത്തിയിട്ടും ഇതില്‍ 60 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. 3247 സീറ്റുകളില്‍ മാത്രമാണ് വിദ്യാര്‍‍ഥികളെത്തിയത്. 4500ല്‍ താഴെ വരുന്ന മെറിറ്റ് സീറ്റുകളിലും സ്ഥിതി സമാനമാണ്. 46 ശതമാനം വരുന്ന 2075 സീറ്റുകളില്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ പ്രവേശം നേടിയത്. 2423 സീറ്റുകളും ഒഴിഞ്ഞുതന്നെ. മൂന്നാര്‍ എഞ്ചിനീയറിങ് കോളജിലാകട്ടെ ഒരൊറ്റ വിദ്യാര്‍ഥി പോലും പ്രവേശം നേടിയില്ല. സംസ്ഥാനത്തെ ഏറ്റവും നിലവാരമുള്ള തിരുവനന്തപുരം സിഇടി, ബാര്‍ട്ടൺ ഹില്‍, ഇടുക്കി, കോഴിക്കോട് എഞ്ചിനീയറിങ് കോളജുകളിലും നിരവധി കോഴ്സുകളിലാണ് സീറ്റുകള്‍ ബാക്കിയായി കിടക്കുന്നത്.

സ്വാശ്രയ കോളജുകളുടെ കാര്യമാണ് കൂടുതല്‍ ദയനീയം. വെറും 27 ശതമാനം സീറ്റിലെ വിദ്യാര്‍ഥികളുള്ളൂ. പിജി കോഴ്സുകളില്‍ വര്‍ഷങ്ങളായി ഇതാണ് സ്ഥിതി. കഴിഞ്ഞ വര്‍ഷവും 40 ശതമാനം വിദ്യാര്‍ഥികള്‍‌ മാത്രമാണ് എംടെക് കോഴ്സുകൾക്ക് ചേര്‍ന്നത്. പ്രവേശം നേടുന്നവരിലധികവും കാമ്പസ് പ്ലേസ്മെന്റ് കിട്ടാത്തവരാണെന്നും ആക്ഷേപമുണ്ട്. സാങ്കേതിക രംഗത്ത് ഗവേഷണ തത്പരരായ വിദ്യാര്‍ഥികള്‍ കുറയുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബി ടെക് കോഴ്സിന് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നുവെന്ന വാര്‍ത്തക്ക് പിന്നാലെയാണ് എം ടെക് കോഴ്സുകൾക്കും വിദ്യാര്‍ഥികളില്ലാതാവുന്ന കണക്കുകള്‍ പുറത്തുവരുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News