മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നു

Update: 2018-01-09 19:35 GMT
Editor : admin
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നു
Advertising

സീറ്റ് കാര്യത്തില്‍ അന്തിമ തീരുമാനം വരുന്നതിന് മുന്‍പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു.

Full View

സീറ്റ് കാര്യത്തില്‍ അന്തിമ തീരുമാനം വരുന്നതിന് മുന്‍പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടന്ന യോഗത്തില്‍ കെ ബാബുവിന് അടക്കം സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് ചര്‍ച്ച ചെയ്തെന്നാണ് സൂചന. കൂടാതെ ആലുവ ഗസ്റ്റ് ഹൌസിലും എ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നു.

ദില്ലിയില്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടും അടൂര്‍ പ്രകാശിന്‍റെയും കെ ബാബുവിന്‍റെയും കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി എ ഗ്രൂപ്പ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തത്. രാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയെ കാണാന്‍ കെ സി ജോസഫ്, കെ ബാബു, ഡൊമനിക്ക് പ്രസന്‍റേഷന്‍, ബെന്നി ബെഹനാന്‍ എന്നിവര്‍ എത്തി. മുക്കാല്‍ മണിക്കൂറോളം ഇവരുമായി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി ഹൈകമാന്‍ഡിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് ശേഷം പ്രതികരിക്കാമെന്ന് മാത്രമാണ് പറഞ്ഞത്.

കെ ബാബുവിന്‍റെയടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എതിരായാല്‍ സ്വീകരിക്കേണ്ട നിലപാടുകളടക്കം ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. കൂടാതെ കെ സി ജോസഫും ഡൊമനിക്ക് പ്രസന്‍റേഷനും ഹൈകമാന്‍ഡിന്‍റെ തീരുമാനം എന്തായാലും മത്സരിക്കാനില്ലെന്ന നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചതായും സൂചനയുണ്ട്. എന്നാല്‍ സ്ഥാനര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടിന് ഉറച്ച പിന്തുണ നല്കാനും എ ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി പോയതിന് ശേഷം കെ സി ജോസഫും കെ ബാബവും അടക്കമുള്ളവര്‍ ആലുവ ഗസ്റ്റ് ഹൌസില്‍ യോഗം ചേര്‍ന്നു.

അടൂര്‍ പ്രകാശിനെയും കെ ബാബുവിനെയും മാത്രം ഒഴിവാക്കി പ്രശ്നം പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ദില്ലിയില്‍ നടക്കുന്നതെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. ഇങ്ങനെ ആയാല്‍ വിശ്വസ്തനായ ബാബുവിനെ സംരക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനിയറിയേണ്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News