സംസ്ഥാനത്തെ മുളകുപൊടികളില്‍ മാരകവിഷാംശം
കണ്ടെത്തിയ രാസ വസ്തുക്കള്‍ നാഡീവ്യവസ്ഥയെ തകര്‍ക്കുന്നത്
സംസ്ഥാനത്ത് വില്‍ക്കുന്ന മുളകുപൊടിയില്‍ അപകടകരമാംവിധം വിഷ വസ്തുക്കളുടെ സാന്നിധ്യം. മുളകുപൊടിയില്‍ ശരീരത്തിന് ദോഷകരമായ എത്തയോണ്‍ അടങ്ങിയിരിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. എല്ലാ ബ്രാന്‍ഡുകളിലും പെട്ട മുളകുപൊടിയിലും എത്തയോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
കാര്‍ഷിക സര്‍വകലാശാല നടത്തിയ പരിശോധനയിലാണ് മുളകുപൊടിയില്‍ വ്യാപകമായി വിഷാംശം കണ്ടെത്തിയത്. 51 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 21 എണ്ണത്തിലും എത്തയോണ്‍ അടങ്ങിയിട്ടുണ്ട്. അതായത് 42 ശതമാനം മുളകുപൊടിയിലും വിഷാംശമുണ്ട്.
0.17 മുതല്‍ 3.54 പിപിഎം വരെയാണ് എത്തയോണിന്റെ അളവ്. ചിലതില്‍ ബൈഫെന്‍ത്രീന്‍, ക്ലോര്‍ പൈറിഫോസ് എന്നിവയും കണ്ടെത്തി. നാഡീവ്യവസ്ഥയെയും കിഡ്നിയെയും ബാധിക്കുന്നതാണ് ഈ രാസവസ്തുക്കള്‍.
യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് 0.05 പിപിഎം ആണ് അനുവദനീയം. കീടനാശിനിയില്‍ നിന്നാണ് ഈ വിഷവസ്തുക്കള്‍ മുളകിലെത്തുന്നത്. സെപ്റ്റംബറില്‍ വിപണിയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.
യൂറോപ്യന്‍ നാടുകളില്‍ അനുവദിച്ചിട്ടുള്ളതിലും 60 ഇരട്ടിയാണ് നമ്മുടെ നാട്ടില്‍ കിട്ടുന്ന മുളകുപൊടിയിലെ വിഷാംശത്തിന്റെ അളവ്. കേരളത്തില്‍ പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ഇവ വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും വകുപ്പില്ല.