ജയരാജന്റെ രാജി ഗുണകരമാകുമെന്ന് സിപിഎം വിലയിരുത്തല്‍
നിയമസഭക്കകത്തും പുറത്തും പ്രക്ഷോഭത്തിന് തയാറായെടുത്ത പ്രതിപക്ഷത്തെ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞു
ഇ പി ജയരാജന്‍റെ രാജിയിലൂടെ കോട്ടത്തെക്കാളേറെ നേട്ടമുണ്ടായെന്നാണ് സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും വിലയിരുത്തല്‍. പ്രതിപക്ഷത്തിന്‍റെയും വിമര്‍ശകരുടെയും വായടപ്പിക്കാന്‍ കഴിഞ്ഞതായും സിപിഎം കരുതുന്നു. ആക്രമണത്തിന്‍റെ മുനകുറയുമെന്നു തന്നെയാണ് പ്രതിപക്ഷത്തിന്‍റെയും വിലയിരുത്തല്‍.
സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിവാദത്തെ പ്രതിഛായ നേട്ടമുള്ള നടപടിയായി പരിവര്‍ത്തിക്കാന്‍ കഴിഞ്ഞെന്ന നിലപാടിലാണ് സര്‍ക്കാരും പാര്‍ട്ടിയും. പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണത്തില്‍ ഇത് പ്രതിഫലിക്കുന്നുണ്ട്. നിയമസഭക്കകത്തും പുറത്തും പ്രക്ഷോഭത്തിന് തയാറായെടുത്ത പ്രതിപക്ഷത്തെ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞു. വീഴ്ച ഉണ്ടായാല്‍ നടപടി ഉണ്ടാകുമെന്ന സന്ദേശം പാര്‍ട്ടിയിലും മുന്നണിയിലും ഉള്ളവര്‍ക്ക് നല്‍കാനായെന്നും സിപിഎം വിലയിരുത്തുന്നുണ്ട്. അതിലുപരി പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ആത്മവീര്യം ഉയര്‍ത്താന്‍ കഴിഞ്ഞതായും പാര്‍ട്ടി കരുതുന്നു. പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയാ പ്രതികരണങ്ങളില്‍ ഇത് പ്രതിഫലിക്കുന്നുണ്ട്.
17ന് പുനരാരംഭിക്കുന്ന നിയമസഭയില്‍ ഭരണപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രതിപക്ഷത്തിന് നഷ്ടമായി. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ഉള്‍പ്പെടെ ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുമെന്ന് പറയുമ്പോഴും എത്രത്തോളം മൂര്‍ച്ച കൂട്ടാനാകുമെന്ന സംശയം പ്രതിപക്ഷ നിരയിലുണ്ട്. ആദ്യ നാല് മാസത്തിനുള്ളില്‍ തന്നെ സ്വജനപക്ഷപാതത്തിന്റെ പേരില്‍ മന്ത്രിക്ക് രാജിവെക്കേണ്ട വന്നുവെന്ന പ്രചരണം നടത്താനാകും ഇനി പ്രതിപക്ഷ ശ്രമം.