ഐഒസി സമരം പിന്‍വലിച്ചു; നിലവിലെ കരാര്‍ മരവിപ്പിച്ചു
കരാര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലോറി ഉടമകളും തൊഴിലാളികളും നാല് ദിവസമായി പണിമുടക്കുന്നത്.
കരാര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കാന്‍ ധാരണയായതോടെ ഐഒസി സമരം ഒത്തുതീര്‍പ്പായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ ടെന്‍ഡര്‍ നടപടികള്‍ ഡിസംബര്‍ മൂന്ന് വരെ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. നാളെ മുതല്‍ ടാങ്കറുകള്‍ ഓടിത്തുടങ്ങും.
ഐഒസി അധികൃതരും തൊഴിലാളികളും അവരവരുടെ നിലപാടുകളില്‍ ഉറച്ച് നിന്നെങ്കിലും മന്ത്രിമാരുടെ ഇടപെടലാണ് ഒത്തുതീര്‍പ്പിലെത്തിച്ചത്. കരാര്‍ താത്ക്കാലികമായി റദ്ദാക്കണമെന്ന തൊഴിലാളികളുടെ ആവിശ്യം ഐഒസി അധികൃതരും അംഗീകരിച്ചു.
ഇന്ത്യയില്‍ മൊത്തം ഒരു കരാര്‍ ആയതുകൊണ്ടാണ് കഴിഞ്ഞ തവണത്തെക്കാള്‍ ആനുകൂല്യം കുറഞ്ഞതെന്ന നിലപാട് ഐഒസി പ്രതിനിധികള്‍ ചര്‍ച്ചയില്‍ അറിയിച്ചു. എന്നാല്‍ ഉന്നത തലത്തില്‍ ചര്‍ച്ചകള്‍ നടത്തി കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന നിലപാടാണ് മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും എടുത്തത്. ഇത് അംഗീകരിച്ച ഐഒസി പ്രതിനിധികള്‍ ഡിസംബര്‍ മൂന്നിന് മുന്‍പായി പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി. നാളെ മുതല്‍ ടാങ്കറുകള്‍ ഓടിത്തുടങ്ങുമെന്ന് കോഡിനേഷനന്‍ ഭാരവാഹികള്‍ അറിയിച്ചു.