ഓഖി: 15 പേരെ കൂടി കണ്ടെത്തിയതായി വ്യോമ സേന
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്ന് പേരുടെ മൃതദേഹംകൂടി കണ്ടെത്തി. ആലപ്പുഴക്കും കൊച്ചിക്കും ഇടയിലാണ് രണ്ട് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ്ഗാര്‍ഡ് നടത്തിയ തെരച്ചിലിലാണ്..
ഓഖി ചുഴലിക്കാറ്റില്‍ കാണാതായ 15 പേരെ കൂടി കണ്ടെത്തിയതായി വ്യോമ സേന. ലക്ഷദ്വീപീന് പടിഞ്ഞാറ് ഭാഗത്താണ് ഇവരെ കണ്ടെത്തിയത്. അതേസമയം തീര സംരക്ഷണ സേനയുടെ തിരച്ചിലില്‍ ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. തിരച്ചില്‍ എട്ടാം ദിവസവും ഊര്‍ജിതമായി തുടരുകയാണ്. തമിഴ്നാട്, ആന്ധ്ര, ഒറീസ തീരങ്ങളില്‍ കടല്‍ക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യത.
ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്താണ് 15 പേരെ കണ്ടെത്തിയിരിക്കുന്നത്. മത്സ്യബന്ധനത്തിന് പോയ ഒരു ബോട്ടിലുളളവരെയാണ് കണ്ടെത്തിയതെന്നാണ് വിവരം. നിരീക്ഷണത്തിന് പോയ വ്യോമസേനയുടെ എഎന്‍ 32 വിമാനമാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. വ്യോമസേനയുടെ ചോപ്പര്‍ ഇവരെ എയര്‍ലിഫ്റ്റ് ചെയ്തെടുക്കാനാണ് ആലോചിക്കുന്നത്. രക്ഷപ്പെടുത്തിയ 15 പേരെയും കവരത്തിയിലെത്തിക്കും. എട്ട് ദിവസമായി കടലില്‍ കഴിയുന്ന ഇവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചോ സ്വദേശത്തെക്കുറിച്ചോ ഇപ്പോള്‍വ്യക്തതയായിട്ടില്ല. അതേസമയം, തീരസംരക്ഷണ സേന നടത്തിയ തിരച്ചിലില്‍ ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കൊച്ചിക്കും ആലപ്പുഴക്കും ഇടയിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.വിഴിഞ്ഞം തുറമുഖത്തു നിന്നും ഇന്നലെ തിരച്ചിന് പോയ തീരസംരക്ഷണ സേനയുടെ വൈഭവ് എന്ന കപ്പലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൊല്ലത്തു നിന്നും കണ്ടെത്തി. ബംഗാള്‍ ഉള്‍ക്കടലിലാണ് ഇപ്പോള്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്, ആന്ധ്ര, ഒറീസ തീരങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ അടുത്ത 48 മണിക്കൂര്‍ മത്സ്യ ത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിര്‍ദേശം.