മലപ്പുറം സ്ഫോടനം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
സംഭവത്തില്‍ സ്ഫോടക വസ്തു നിയമപ്രകാരം കേസെടുത്തുവെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നതിന് മുന്‍പ് വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്ത് കോടതി വളപ്പിലുണ്ടായ സ്ഫോടനം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മലപ്പുറം നാര്‍കോട്ടിക് ഡിവൈഎസ്പി ടി പി ബാലന്‍ കേസ് അന്വേഷിക്കും. സംഭവത്തില്‍ സ്ഫോടക വസ്തു നിയമപ്രകാരം കേസെടുത്തുവെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നതിന് മുന്‍പ് വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മലപ്പുറത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള മനപൂര്‍വമുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് പി ഉബൈദുല്ലയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നുവെന്ന് ആരോപിച്ച് ബിജെപി അംഗം ഒ രാജഗോപാല്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.