കലോത്സവത്തില്‍ വിളംബര ഘോഷയാത്രയില്ല, പകരം ദൃശ്യവിരുന്ന്
ആയിരത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്ന മെഗാതിരുവാതിരയും ഒപ്പനയും മാര്‍ഗ്ഗംകളിയുമടക്കം 14 ഇനങ്ങളാണ് ഉദ്ഘാടന ദിവസം രാവിലെ എട്ടരക്ക് തേക്കിന്‍കാട് മൈതാനത്ത് നടക്കുക.
സ്കൂള്‍ കലോത്സവത്തില്‍ വിളംബര ഘോഷയാത്ര ഒഴിവാക്കി ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഇത്തവണ ദൃശ്യവിരുന്നാണ് ഒരുക്കിയിരിക്കുന്നത്. തേക്കിന്‍കാട് മൈതാനത്തെ മരങ്ങള്‍ക്ക് ചുറ്റുമാണ് വിദ്യാര്‍ത്ഥികള്‍ നൃത്തവിസ്മയം തീര്‍ക്കുക. ആയിരത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്ന മെഗാതിരുവാതിരയും ഒപ്പനയും മാര്‍ഗ്ഗംകളിയുമടക്കം 14 ഇനങ്ങളാണ് ഉദ്ഘാടന ദിവസം രാവിലെ എട്ടരക്ക് തേക്കിന്‍കാട് മൈതാനത്ത് നടക്കുക.
കലോത്സവ മാന്വല്‍ പരിഷ്കരിച്ചപ്പോള്‍ ഒഴിവാക്കിയതായിരുന്നു വിംളബര ഘോഷയാത്ര. പകരം കലോത്സവത്തിലുള്ള നൃത്ത ഇനങ്ങള്‍ കോര്‍ത്തിണക്കിയാണ് ദൃശ്യ വിസ്മയം തീര്‍ക്കുന്നത്. ജില്ലയിലെ 27 വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ദൃശ്യവിസ്മയം ഒരുക്കുന്നത്. മാലതി ജി മോനോന്‍റെ പരിശീലനത്തില്‍ ആയിരം പേര്‍ പങ്കെടുക്കുന്ന തിരുവാതിരയാണ് ഇതില്‍ ശ്രദ്ധേയമായ ഒന്ന്. മാര്‍ഗ്ഗം കളിയും ഒപ്പനയും വട്ടപ്പാട്ടും കോല്‍കളിയുമെല്ലാം ദൃശ്യവിസ്മയത്തിലെ താളച്ചുവടുകളാകും. 14 നൃത്ത ഇനങ്ങള്‍ 12 മരച്ചുവട്ടിലാണ് ചുവട് വെക്കുക.
സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം അര്‍ജുന നൃത്തം, മയൂര നൃത്തം, പടയണി, തെയ്യം തുടങ്ങിയ കാഴ്ചകളുമായെത്തും. തൃശൂരിന്റെ തനത് കലാരൂപങ്ങളെയും മറന്നിട്ടില്ല. പുലിക്കളി, കുമ്മാട്ടികളി, കാവടി തുടങ്ങിയവ ദൃശ്യവിസ്മയത്തില്‍ താളക്കൊഴുപ്പേകും.