മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈന സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചു
മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈന സന്ദര്‍ശിക്കാന്‍ അനുമതിയില്ല. വിദേശ കാര്യമന്ത്രാലയമാണ് അനുമതി നിഷേധിച്ചത്. യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിക്കാണ്..
മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ പോകാന്‍ അനുമതി നിഷേധിച്ചു. ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. സുരക്ഷാ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് ഉന്നതതലത്തില്‍ എടുത്ത തീരുമാനമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം. രാഷ്ട്രീയകാരണങ്ങളാണ് പിന്നിലെന്നും പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയാണ് വേള്‍ഡ് ടൂറിസം കൌണ്‍സില്‍. ഈ മാസം 11 മുതല്‍ 16 വരെ ചൈനയിലെ ചെങ്ടുവില്‍ നടക്കുന്ന കൌണ്‍സിലിന്‍റെ 22 ാം ജനറല്‍ അസംബ്ലിയിലെ ഔദ്യോഗിക പ്രതിനിധി ആയിരുന്നു സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്ര ടൂറിസം ജോയിന്‍റ് സെക്ട്രട്ടറി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ നിന്ന് ക്ഷണമുണ്ടായിരുന്നത്. മന്ത്രിയോടൊപ്പം സംസ്ഥാനത്ത് നിന്ന് ഒരു പ്രതിനിധി സംഘവും സമ്മേളനത്തിലെത്താനായി തീരുമാനിച്ചിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലായത്തിന്‍റെ അനുമതി മന്ത്രിയുടെ ഓഫീസ് തേടിയപ്പോഴാണ് അനുമതി നിഷേധിച്ച് മറുപടി വന്നത്.
ആഗോള തലത്തില്‍ ടൂറിസവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളെടുക്കുന്ന യോഗത്തില്‍ ഉത്തരവാദ ടൂറിസത്തിന്റെ രണ്ടാം ഘട്ടം ഉള്‍പ്പെടെ സംസ്ഥാനത്തിന്‍റെ പദ്ധതികള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ കേരളത്തിന് നഷ്ടപ്പെടുന്നത്. അതേ സമയം അനുമതി നിഷേധിച്ചത് തങ്ങളല്ലെന്ന വിശദീകരണവുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം രംഗത്ത് വന്നു. സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് ഉന്നത തലങ്ങളില്‍ എടുത്ത തീരുമാനമാണെന്ന വിശദീകരണമാണ് മന്ത്രാലയം നല്‍കുന്നത്. സുരക്ഷയല്ല രാഷ്ട്രീയമാണ് കാരണമെന്നാണ് മന്ത്രി കടകംപള്ളിയുടെ പ്രതികരണം.