വിഎസിന്റെ പദവിയില്‍ തീരുമാനമായില്ല
ഭരണ പരിഷ്കരണ കമ്മീഷന്റെ സാധുത പഠിച്ച ശേഷമേ തീരുമാനമാകൂ.
വി എസ് അച്യുതാനന്ദന് പുതിയ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഭരണ പരിഷ്കരണ കമ്മീഷന്റെ സാധ്യത പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. അടുത്ത മന്ത്രിസഭയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.
വി എസ് അച്യുതാനന്ദനെ കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്കരണ കമ്മീഷന്റെ അധ്യക്ഷനായി നിയമിക്കുന്ന കാര്യമാണ് സര്‍ക്കാരിന്റെ പരിഗണയിലുളളത്. ഇതിന്റെ ആദ്യപടിയായാണ് കമ്മീഷന്‍ രൂപീകരണത്തിന്റെ സാധ്യത പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയത്. കമ്മീഷന് കാബിനറ്റ് റാങ്ക് നല്‍കിയാല്‍ ഇരട്ട പദവി നിയമപ്രശ്നമായി ഉയരുമെന്ന ആശങ്ക സര്‍ക്കാറിനുണ്ട്. ഇതായിരിക്കും ചീഫ് സെക്രട്ടറി പ്രധാനമായും പരിശോധിക്കുക. കമ്മീഷന്റെ ഘടന എപ്രകാരമായിരിക്കണമെന്ന റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറി നല്‍കും.
റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ അടുത്ത മന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. വിഎസിന് ഭരണ പരിഷ്കരണ കമ്മീഷന്റെ അധ്യക്ഷസ്ഥാനം നല്‍കാന്‍ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. പദവി ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വിഎസും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.