നിയമം കാറ്റില്‍ സാങ്കേതിക സര്‍വകലാശാലയില്‍ അനധ്യാപക നിയമനം
നിയമനങ്ങള്‍ പിഎസ് സിക്ക് വിടാനുള്ള സര്‍ക്കാര്‍ നയവും അട്ടിമറിച്ചു
അനധ്യാപിക നിയമനങ്ങള്‍ പി എസ് സി ക്ക് വിടണമെന്ന ചട്ടം ലംഘിച്ച് നിയമനം നടത്താന്‍ സാങ്കേതിക സര്‍വകലാശാലയുടെ ശ്രമം. പുതുതായി സൃഷ്ടിച്ച 114 അനധ്യാപക തസ്തികകളിലേക്കാണ് സര്‍വകലാശാല അപേക്ഷ ക്ഷണിച്ചത്. ചട്ടം ലംഘിച്ചുള്ള നിയമന നടപടികള്‍ക്ക് പച്ചക്കൊടി കാണിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന്. മീഡിയവണ്‍ എക്സ‍്ക്ലൂസീവ്.
കേരള സാങ്കേതിക സര്‍വകലാശാലയില്‍ 114 അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് 2016 ജനുവരി ഒന്നിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സര്‍വകലാശാലകളിലെ അനധ്യാപക ജീവനക്കാരുടെ നിയമനം പി എസ് സിക്ക് വിട്ട് കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. എന്നാല്‍ പുതുതായി സൃഷ്ടിച്ച തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്താനാണ് സര്‍വകലാശാലയുടെ നീക്കം. ഇതിന് അനുമതി നല്‍കി ഓഗസ്റ്റ് ആറിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മറ്റൊരു ഉത്തരവും ഇറക്കി. ഇതനുസരിച്ചാണ് ഡയരക്ടര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, സര്‍വകലാശാല അസിസ്റ്റന്റുമാര്‍, തുടങ്ങി ഡ്രൈവര്‍മാര്‍ വരെയുള്ള തസ്തികകളിലേക്ക് നിയമനം നടത്താനായി സര്‍വകലാശാല നടപടികള്‍ ആരംഭിച്ചത്. തസ്തികകളിലേക്ക് ഒപ്ഷന്‍ ക്ഷണിച്ച് ഓഗസ്റ്റ് 11 ന് രജിസ്ട്രാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കി. ഓഗസ്റ്റ് 29ന് അവസാന തീയതി നിശ്ചയിച്ചതോടെ അപേക്ഷിക്കാന്‍ ഒരു മാസം നല്‍കണമെന്ന വ്യവസ്ഥയും ലംഘിക്കെപ്പെട്ടു. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഒഴിവുള്ള തസ്തികകള്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശവും സര്‍വകലാശാല പാലിച്ചില്ല. സാങ്കേതിക സര്‍വകലാശാലയിലെ തസ്തികകളുടെ എണ്ണം എടുക്കാതെയാണ് പി എസ് സി സര്‍വകലാശാല അസിസ്റ്റന്റ് പരീക്ഷ ഇത്തവണ നടത്തിയത്. ദേവസ്വം ബോര്‍ഡിലേതുള്‍പ്പെടെയുള്ള നിയമനങ്ങള്‍ പി എസ് സിക്ക് വിടണമെന്ന് സര്‍ക്കാറിന് പ്രഖ്യാപിത നയമുള്ളപ്പോഴാണ് നിയമം കാറ്റില്‍ പറത്തി നിയമന നടപടികളുമായി സാങ്കേതിക സര്‍വകലാശാല മുന്നോട്ടുപോകുന്നത്.