ജനാധിപത്യ കേരളാ കോണ്‍ഗ്രസും പി ജെ ജോസഫ് വിഭാഗവും ഒന്നിക്കുന്നു?
മാണി-സിപിഎം കൂട്ടുകെട്ടിന്റെ പശ്ചാത്തലത്തിലാണ് പുതിയ കൂട്ടകെട്ട്
മാണി-സിപിഎം കൂട്ടുകെട്ടിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗവുമായി അടുക്കുന്നു. മാണി വിഭാഗത്തിലെ അതൃപ്തര്‍ പുറത്ത് വന്ന് കേരളാ കോണ്‍ഗ്രസുകള്‍ ഒന്നിക്കണമെന്ന ഫ്രാന്‍സിസ് ജോര്‍ജ് അവശ്യപ്പെട്ടിരുന്നു. അതൃപ്തി പരസ്യമാക്കി മാണി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസ് രംഗത്തെത്തിയതും കെ എം മാണിയേയും ജോസ് കെ മാണിയേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പിളരും തോറും വളരുമെന്ന് കേരള കോണ്‍ഗ്രസിനെ കുറിച്ച് പറയുമെങ്കിലും നിലവിലെ അവസ്ഥ അല്പം വ്യത്യസ്തമാണ്. ജോസ് കെ മാണിയെ നേതൃത്വത്തിലേക്ക് എത്തിക്കാന്‍ മാണി നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാലോചന ഇല്ലാതെ സിപിഎമ്മുമായി ധാരണ ഉണ്ടാക്കിയതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ജനാധിപത്യ കേരള കോണ്‍ഗ്രസ് പിജെയുമായി അടുക്കുന്നതിന്റെ സൂചനകളും പറത്ത് വരുന്നുണ്ട്. അങ്ങനെയാണെങ്കില്‍ മാണിയുടെ നീക്കങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാകും ഉണ്ടാക്കുക.
ശക്തരായ നേതാക്കള്‍ ഇല്ലാതാകുന്നതോടെ പാര്‍ട്ടിയുടെ സ്വീകാര്യത കുറയുമെന്ന വിലയിരുത്തല്‍ അണികള്‍ക്കിടയില്‍ ഉണ്ട്. വിശ്വസ്തനായ സി എഫ് തോമസും എന്‍ ജയരാജും റോഷി അഗസ്തിയും പരസ്യമായി പിന്തുണ നല്കാന്‍ തയ്യാറാകാത്തതും മാണിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നുണ്ട്. ആയതിനാല്‍ ഒരു പിളര്‍പ്പ് കൂടി ഉണ്ടായാല്‍ അത് കേരള കോണ്‍ഗ്രസ് എമ്മിന് അത് വലിയ തിരിച്ചടിയാകും.