ഹജ്ജ് ക്യാമ്പില്‍ വളണ്ടിയര്‍മാരുടെ സേവനങ്ങള്‍ ശ്രദ്ധ നേടുന്നു
രജിസ്‌ട്രേഷന്‍ മുതല്‍ സുരക്ഷയടക്കം ഹാജിമാരുടെ എല്ലാ പ്രയാസങ്ങള്‍ക്കും പരിഹാരമായി വനിതകളടക്കം നാനൂറിലധികം വളണ്ടിയര്‍മാര്‍ സദാ ജാഗരൂകമാണ്.
ഹജ്ജിന് പോകുന്നവര്‍ക്ക് ക്യാമ്പില്‍ വളണ്ടിയര്‍മാരുടെ സേവനങ്ങള്‍ ശ്രദ്ധ നേടുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നൂറുകണക്കിന് പേരുടെ സേവനമാണ് ഹജ്ജ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാകുന്നത്. രാപകല്‍ ഭേദമില്ലാതെയാണ് ഹജ്ജ് ക്യാമ്പിലെ വളണ്ടിയര്‍ സേവനം.
പുണ്യഭൂമിയിലേക്ക് യാത്ര ചെയ്യുന്നതിനായ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒരുക്കിയിരിക്കുന്ന ക്യാമ്പിലെത്തിക്കഴിഞ്ഞാല്‍ ഹാജി പിന്നെ ഒന്നും അറിയണ്ട. പാസ്‌പോര്‍ട്ട്, ടിക്കറ്റ്, വിസ, എമിഗ്രേഷന്‍ തുടങ്ങി സാങ്കേതിക പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ സജ്ജമാണ്. പ്രത്യേക അനുമതിയില്‍ എത്തിയിട്ടുള്ള 37 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് യാത്രക്ക് മുമ്പുള്ള ഔദ്യോഗിക കാര്യങ്ങളെല്ലാം ചെയ്യുന്നത്.
രജിസ്‌ട്രേഷന്‍ മുതല്‍ സുരക്ഷയടക്കം ഹാജിമാരുടെ എല്ലാ പ്രയാസങ്ങള്‍ക്കും പരിഹാരമായി വനിതകളടക്കം നാനൂറിലധികം വളണ്ടിയര്‍മാര്‍ സദാ ജാഗരൂകമാണ്. രോഗികള്‍ക്കും മറ്റ് പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നു. വിവിധ വകുപ്പുകളുടെ ആരോഗ്യ ക്യാമ്പുകളും ഇവിടെ സജീവമാണ്.
സ്യന്തം ജോലിയില്‍ നിന്ന് അവധിയെടുത്ത് യാതൊരു വേതനവും നേടാതെയാണ് മുഴുവന്‍ വളണ്ടിയര്‍മാരും ദൈവത്തിന്റെ അതിഥികള്‍ക്ക് ആതിഥേയത്വം ഒരുക്കുന്നത്.