ആദ്യം പട്ടയം തരൂ; എന്നാല്‍ വോട്ട് തരാം
ഇത്തവണത്തെ നിയമസഭാ തെരെഞ്ഞെടുപ്പിന് വോട്ട് ചെയ്യില്ലെന്ന കടുത്ത നിലപാടിലാണ് കൊച്ചി സാന്തോം കോളനിയിലെ വോട്ടര്‍മാര്‍.
ഇത്തവണത്തെ നിയമസഭാ തെരെഞ്ഞെടുപ്പിന് വോട്ട് ചെയ്യില്ലെന്ന കടുത്ത നിലപാടിലാണ് കൊച്ചി സാന്തോം കോളനിയിലെ വോട്ടര്‍മാര്‍. വീട് നിര്‍മ്മിച്ച് നല്‍കാമെന്നും പട്ടയം പതിച്ച് നല്‍കാമെന്നും കാലകാലങ്ങളിലായി രാഷ്ട്രീയക്കാര്‍ പറഞ്ഞ് പറ്റിക്കുന്നതാണ് കാരണം.
മുന്‍ മന്ത്രിയും ഇപ്പോള്‍ എംപിയുമായ കെ വി തോമസിന്റെ വസതിക്ക് പിന്നില്‍ പണ്ടാരച്ചാല്‍ കനാലിന്റെ കരയിലെ നൂറിലധികം കുടുംബങ്ങളാണ് മാന്യമായി ജീവിക്കാന്‍ പോലുമാകാതെ കുടിയിറക്ക് ഭീഷണിയില്‍ കഴിയുന്നത്.
ഇവിടുത്തെ അമ്മമാരെല്ലാം അവരുടെ അവസ്ഥ ചോദിച്ചെത്തുന്നവരോട് കയര്‍ത്തുമാത്രമേ സംസാരിക്കു. എങ്ങനെ കയര്‍ത്ത് സംസാരിക്കാതിരിക്കും. നഗരമാലിന്യങ്ങള്‍ പേറുന്ന പണ്ടാരച്ചാല്‍ കനാല്‍ നിറഞ്ഞൊഴുകുമ്പോഴൊക്കെ അവര്‍ക്ക് നരക ജീവിതമാണ്. ഈ ദുരിത ജീവിതത്തില്‍ നിന്ന് രക്ഷ നേടാന്‍ എന്തെങ്കിലും വഴി സര്‍ക്കാര്‍ കാട്ടിത്തരുമെന്ന് ഇവര്‍ പ്രതീക്ഷിച്ചിരുന്നു.
പട്ടയം ലഭിച്ചിരുന്നെങ്കില്‍ എന്തെങ്കിലും വിറ്റ്പെറുക്കി വീട് പണിയാമെന്ന് കരുതി. ഏതെങ്കിലും വ്യക്തികളോ സംഘടനകളോ സഹായിക്കാനെത്തിയാലും നിയമത്തിന്റെ നൂലാമാലകള്‍ അതിന് തടയിടും.
ദുര്‍ഗന്ധം വമിക്കുന്ന വീടുകളിലേക്ക് വിവാഹമോ വിരുന്നുകാരോ കടന്നു വരില്ല. പ്രതീക്ഷകള്‍ അത്രയും നശിച്ച് ജീവിക്കുന്ന സാന്തോം കോളനിയിലെ വോട്ടര്‍മ്മാര്‍ക്ക് ഇനി ആരോടും സഹായം ചോദിക്കണമെന്നില്ല.
ഒരു പക്ഷെ ഈ ജനാധിപത്യ വ്യവസ്ഥയില്‍ എല്ലാവരും തുല്യരാണെന്ന് പ്രസംഗിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ അവഗണനയില്‍ അവര്‍ അത്ര മേല്‍ അവഹേളിക്കപ്പെട്ടു കാണും. സമീപത്തെ ചിറക്കപ്പാടം നിവാസികളുടെയും അവസ്ഥ ഇത് തന്നെയാണ് അവരും പട്ടയത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് അര നൂറ്റാണ്ടായി.