ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചുകൊന്ന സംഭവം: അന്വേഷണം ഇഴയുന്നു

Update: 2018-05-12 13:20 GMT
Editor : Sithara
ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചുകൊന്ന സംഭവം: അന്വേഷണം ഇഴയുന്നു
Advertising

സംഭവം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും ചങ്ങാനാശേരി ‍ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചിങ്ങവനം പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്

Full View

മലപ്പുറം മങ്കടയില്‍ യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊന്ന കേസിന് സമാന സംഭവമാണ് കോട്ടയം ചങ്ങനാശേരി ഇത്തിത്താനത്ത് ഉണ്ടായത്. നാട്ടുകാര്‍ മര്‍ദ്ദിച്ച് മണിക്കൂറുകള്‍ വെയിലത്തു കെട്ടിയിട്ടതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ചു. ഒന്നര മാസം മുമ്പ് നടന്ന സംഭവത്തില്‍ നാല് പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ മെയ് നാലിനാണ് അസം സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി കൈലാഷ് ജ്യോതി ബഹ്റയെ ഇത്തിത്താനം ചിറവുമുട്ടത്തെ വീടുകളിലും കുളിമുറിയിലും അതിക്രമിച്ചു കയറിയെന്ന കാരണം പറഞ്ഞ് നാട്ടുകാര്‍ മര്‍ദ്ദിച്ച് കെട്ടിയിട്ടത്. മണിക്കൂറുകളോളം വെയിലത്തു കിടന്ന കൈലാഷിനെ പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തും മുന്‍പ് കൈലാഷ് മരിച്ചു. കൈലാഷിന്റെ ശരീരത്തില്‍ മര്‍ദനം മൂലം അമ്പതിലേറെ മുറിവുകളുണ്ടായെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആഘാതമാണ് മരണ കാരണം എന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തം.

സംഭവം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും ചങ്ങാനാശേരി ‍ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചിങ്ങവനം പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ചിറവമുട്ടം സ്വദേശികളായ വര്‍ഗീസ്, പ്രസന്നന്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസുമെടുത്തു. നാട്ടുകാരുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടാല്‍ അറിയാവുന്ന പത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഇതുവരെയും കൂടുതല്‍ അറസ്റ്റ് ഉണ്ടായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് പോലീസ് ഭാഷ്യം. നാട്ടുകാര്‍ നിയമം കൈയ്യിലെടുക്കുന്ന സംഭവം ആവര്‍ത്തിക്കുമ്പോഴും കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലീസിന്റെ ഗൌരവം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News