ഗെയില്‍: ചര്‍ച്ചയാവാമെന്ന് വ്യവസായ മന്ത്രി

Update: 2018-05-13 09:57 GMT
Editor : Muhsina
ഗെയില്‍: ചര്‍ച്ചയാവാമെന്ന് വ്യവസായ മന്ത്രി
Advertising

ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമര സമിതിയുമായി ഇനിയും ചര്‍ച്ചക്ക് തയ്യാറാണെന്നും എന്നാല്‍ സമരക്കാര്‍ ബാലിശമായ വാദങ്ങള്‍ ഉന്നയിക്കരുതെന്നും വ്യവസായ മന്ത്രി..

ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമര സമിതിയുമായി ഇനിയും ചര്‍ച്ചക്ക് തയ്യാറാണെന്നും എന്നാല്‍ സമരക്കാര്‍ ബാലിശമായ വാദങ്ങള്‍ ഉന്നയിക്കരുതെന്നും വ്യവസായ മന്ത്രി എസി മൊയ്തീന്‍. സമരം തുടരുമെന്ന സമര സമിതി തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു വ്യവസായ മന്ത്രി. അതേസമയം ജനവാസ മേഖലയിലൂടെ പൈപ്പ് ലൈന്‍ കൊണ്ട് പോവാന്‍ അനുവദിക്കില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കാനാണ് സമര സമിതിയുടെ തീരുമാനം.

Full View

ചര്‍ച്ചക്ക് തടസ്സമില്ലെന്ന് വ്യക്തമാക്കിയ വ്യവസായ മന്ത്രി ഇനിയും ചര്‍ച്ച വേണോ എന്ന കാര്യം സമരക്കാരാണ് തീരുമാനിക്കണ്ടെതെന്ന് പറഞ്ഞു. ന്യായവിലയുടെ പത്തിരട്ടിയായി വിപണി വില നിശ്ചയിച്ച് നഷ്ടപരിഹാരം നല്‍കുമെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന പ്രചരണവുമായി സമരത്തെ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോവാനുള്ള ശ്രമത്തിലാണ് സമര സമിതി. സര്‍ക്കാര്‍ തീരുമാനത്തിലൂടെ ഭൂമിയുടെ ന്യായവില മാത്രമാണ് ലഭിക്കുകയെന്നതാണ് യാഥാര്‍ഥ്യം. ഈ നഷ്ടപരിഹാരം കൊണ്ട് ഒരിടത്തും ഭൂമി വാങ്ങാന്‍ സാധിക്കില്ലെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു. ഈ മാസം 16ന് കോഴിക്കോട് നടക്കുന്ന ഗെയില്‍ ഇരകളുടെ കണ്‍വെന്‍ഷനോടെ സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം. അതേ സമയം സമര സമിതി നേതാക്കളെ നേരില്‍ കണ്ട് എതിര്‍പ്പൊഴിവാക്കി പദ്ധതി മുന്നോട്ട് കൊണ്ടു പോവാന്‍ മറുഭാഗത്ത് ഗെയില്‍ അധികൃതരും ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News