മൂന്നാര്‍ ഭൂപ്രശ്‌നം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ റവന്യൂമന്ത്രി പങ്കെടുക്കില്ല

Update: 2018-05-14 15:50 GMT
Editor : Subin
മൂന്നാര്‍ ഭൂപ്രശ്‌നം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ റവന്യൂമന്ത്രി പങ്കെടുക്കില്ല
Advertising

യോഗത്തില്‍ പങ്കെടുക്കാന്‍ സിപിഐക്ക് മേല്‍ വലിയ സമ്മര്‍ദ്ദം ഉണ്ടെങ്കിലും വിട്ടുവീഴ്ച വേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം...

മൂന്നാര്‍ ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കില്ല. യോഗം ബഹിഷ്‌കരിക്കാനുളള തീരുമാനത്തില്‍ ഉറച്ച് മുന്നോട്ട് പോകാന്‍ സിപിഐ തീരുമാനിച്ചു. നാളെ തിരുവനന്തപുരത്താണ് യോഗം.

Full View

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ ഇടുക്കിയിലെ നേതാക്കളുടെ യോഗം നാളെ വിളിച്ച് ചേര്‍ത്തിരിക്കുന്നത്. കയ്യേറ്റക്കാരുടെ പരാതിയില്‍ യോഗം വിളിച്ചുചേര്‍ക്കരുതെന്നാവശ്യപ്പെട്ട് റവന്യു മന്ത്രി നല്‍കിയ കത്ത് തള്ളിക്കൊണ്ടായിരുന്നു ഇത്. ഇതോടെ യോഗം ബഹിഷ്‌കരിക്കാന്‍ സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനിക്കുകയും പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലപാട് പരസ്യമാക്കുകയും ചെയ്തു.

യോഗത്തില്‍ പങ്കെടുക്കാന്‍ സിപിഐക്ക് മേല്‍ വലിയ സമ്മര്‍ദ്ദം ഉണ്ടെങ്കിലും വിട്ടുവീഴ്ച വേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും യോഗത്തില്‍ പങ്കെടുക്കില്ല. മന്ത്രിക്ക് നാളെ കോട്ടയത്ത് ഔദ്യോഗിക പരിപാടി നിശ്ചയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിളിച്ച യോഗം റവന്യുമന്ത്രി ബഹിഷ്‌കരിച്ചുവെന്ന വിമര്‍ശം മറിക്കടക്കാനാണ് ഈ നീക്കമെന്നാണ് സൂചന.

യോഗം സംബന്ധിച്ച ഫയല്‍ മന്ത്രിയുടെ ഓഫീസില്‍ എത്തിച്ചിരുന്നു. മൂന്നാര്‍ വിഷയത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് സിപിഐ നല്‍കുന്നത്. അതേസമയം ഏതെങ്കിലും വ്യക്തിനല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലല്ല യോഗമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സിപിഐ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനി മുഖ്യമന്ത്രിയുടെ നിലപാടാകും നിര്‍ണായകം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News